പന്തല്ലൂര്‍: ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന പന്തല്ലൂര്‍ ക്ഷേത്രഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താനുള്ള ശ്രമം ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.
ഇന്നലെ രാവിലെയാണ് ഒരുസംഘം ആളുകള്‍ മരംമുറി ആരംഭിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബിജെപി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. കേസ് നിലനില്‍ക്കുന്ന ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കള്‍ ശക്തമായി പറഞ്ഞു. തുടര്‍ന്ന് പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി മരംമുറി നിര്‍ത്തിവെപ്പിച്ചു.
പാട്ടക്കാലവധി അവസാനിച്ചിട്ടും വിശ്വാസികള്‍ക്ക് കൈമാറാതെ ചിലര്‍ ക്ഷേത്രഭൂമി ഇപ്പോഴും കൈവശം വെച്ച് അനുഭവിക്കുകയാണ്. പാട്ടക്കാലാവധി അവസാനിച്ചതിനാല്‍ ഭൂമി വിട്ടുനല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പാട്ടത്തിനെടുത്തവര്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയാണുണ്ടായത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചത്.
മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജ്യോതിഷ്, ബിനീഷ് ബാബു, ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി പി.കെ.ശശിധരന്, മണ്ഡലം സെക്രട്ടറി രതീഷ്, ഹരിരാജ്, ഗൗരിശങ്കര്‍, മനോജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: