പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാആസ്ഥാനത്തിന്റെ മിക്കഭാഗങ്ങളും ഇരുളില്‍ തന്നെ. സന്ധ്യകഴിഞ്ഞാല്‍ നഗരത്തിലെ പ്രധാന കവലകളില്‍ മാത്രമാണ് തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നത്. ഇടവഴികള്‍ ഏതാണ്ട് പൂര്‍ണ്ണമായും അന്ധകാരത്തിലാണ്.
രാത്രിയില്‍ വ്യാപാരശാലകളിലെ വെളിച്ചമാണ് യാത്രക്കാര്‍ക്ക് ആശ്രയം. കടകള്‍ അടച്ചുകഴിഞ്ഞാല്‍ കാല്‍നടയാത്രക്കാരടക്കം ഏറെബുദ്ധിമുട്ടുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാനകവാടം എന്ന നിലയില്‍ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ദിവസവും പത്തനംതിട്ടയില്‍ എത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം രാത്രിയില്‍ ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ പൊട്ടിപ്പൊളിഞ്ഞ ബസ്സ്റ്റാന്റും ഇരുള്‍മൂടിയ പാതകളും കണ്ട് അമ്പരപ്പിലാണ്. നഗരത്തില്‍ അടുത്തകാലത്തായി സ്ഥാപിച്ചിട്ടുള്ള പൊക്കവിളക്കുകള്‍ പോലും പൂര്‍ണ്ണതോതില്‍ പ്രകാശിക്കുന്നില്ല. സെന്‍ട്രല്‍ ജംങ്ഷന്, അബാന്‍, സെന്റ് പീറ്റേഴ്സ് ജംങ്ഷന് തുടങ്ങി പ്രധാന ഇടങ്ങളില്‍ മാത്രമാണ് ഇവ വെളിച്ചം പകരുന്നത്.
സ്റ്റേഡിയം ജംങ്ഷനിലെ പൊക്കവിളക്ക് നാളുകളായി തകരാറിലാണ്. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് ജില്ലാ ആസ്ഥാനത്തെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ പണംനല്‍കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പഴയ ബസ്സ്റ്റാന്റും പരിസരവും 8 മണിയോടെ ഇരുളിലാകും. ഒന്നു രണ്ട് സോളാര്‍ ലൈറ്റുകള്‍ മാത്രം മിന്നി കത്തുമെങ്കിലും അതിന്റെ പ്രകാശം എങ്ങും എത്താനില്ല. നിരത്തുകളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ട്യൂബ് ലൈറ്റുകളും സോഡിയം വേപ്പര്‍ ലാമ്പുകളുമാണ് ഇപ്പോളും പലയിടത്തും പ്രകാശം പരത്തുന്നത്.
പില്ക്കാലത്ത് വൈദ്യുതി നിരക്ക് ലാഭിക്കാനായി സിഎഫ്എല്ഉം പിന്നീട് എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചെങ്കിലും ഇതൊന്നും ഫലപ്രദമായില്ല.
ഇതിനും പുറമെ കഴിഞ്ഞ ഭരണസമിതി നഗരസഭാ പ്രദേശത്ത് സോളാര്‍ ലൈറ്റുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു. വളരെ ചുരുങ്ങിയ ഇടത്തുമാത്രം വെളിച്ചം ലഭിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ അധികകാലം നിലനിന്നുമില്ല. ഇവയുടെ ബാറ്ററിയൂണിറ്റുകള്് സാമൂഹികവിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചതോടെ ഭൂരിപക്ഷവും പ്രവര്‍ത്തന രഹിതമായി. പിന്നീട് തെരുവുവിളക്കുകളുടെ കാര്യത്തില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചുമില്ല. ജനപ്രതിനിധികളുടെ വികസന ഫണ്ട് വിനിയോഗിച്ച് പ്രധാന ഇടങ്ങളില്‍ പൊക്കവിളക്കുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇതിന്റേയും അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാറില്ല.
ഇവയുടെ വൈദ്യുതി നിരക്ക് അടയ്ക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയാവുകയും ചെയ്യുന്നു. മാറിമാറി വരുന്ന നഗരസഭാ ഭരണസമിതികള്‍ നടപ്പാക്കുന്ന ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണ് നഗരം ഇരുളിലാകുന്നതിന്റെ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: