മേലാറ്റൂര്‍: നാട്ടുകാരുടെ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും പുല്ലുവിലയാണ് അധികൃതര്‍ നല്‍കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ്. സ്റ്റേഷനില്‍ നിന്ന് നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിലേക്കുള്ള ഈ റോഡ് കാടുമൂടി നശിക്കുകയാണ്. മുന്നൂറുമീറ്റര്‍ മാത്രം ദൂരമുള്ള റോഡില്‍ ഇതുവരെ ടാറിംങ് നടത്തിയിട്ടില്ല. ഇത് ഗതാഗതയോഗ്യമാക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് ഇതുവരെ ഫലമുണ്ടായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് വിവിധ സംഘടനകള്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം പലതവണ നല്‍കിയിരുന്നു.
ഓരോ ദിവസവും ഇവിടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. പക്ഷേ വാഹനങ്ങളൊന്നും ഇതുവഴി വരാറില്ലെന്ന് മാത്രം. പ്രധാനമായും വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരുമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ഇരുവശങ്ങളിലും പൊന്തക്കാടുകള്‍ നിറഞ്ഞതിനാല്‍ ഇഴജന്തുക്കളുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. എത്രയും വേഗം ഇത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: