മലപ്പുറം: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഏകീകരിച്ച ജനസമ്പര്‍ക്ക പരിപാടി ഡിസംബറില്‍ തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ.
നിലമ്പൂരിലാണ് പരിപാടിക്ക് തുടക്കം. സംസ്ഥാനത്ത് പല ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടന്നിട്ടുണ്ടെങ്കിലും പരിപാടിക്ക് ഏകീകൃത സ്വഭാവമില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പരിഷ്കരിച്ച ജനസമ്പര്‍ക്ക പരിപാടി തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
ഇതിന്റെ ഭാഗമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് താലൂക്ക് തലത്തില്‍ പരിപാടി നടക്കുക. രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചക്ക് 12.30ന് അവസാനിക്കുന്ന രീതിയിലായിരിക്കും പരിപാടി. ജനസമ്പര്‍ക്കത്തിന്റെ ഏകോപനത്തിനായി ഡപ്യുട്ടി കളക്ടര്‍മാര്‍ക്ക് താലൂക്കുകളുടെ ചുമതല നല്‍കിയിട്ടുണ്ട്.
ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കേണ്ട പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കേണ്ടത്. എന്‍ഐസി ഓണ്‍ ലൈന്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.
അദാലത്ത് തുടങ്ങുന്നതിന് 15 ദിവസം മുമ്പ് വരെ പരാതി നല്‍കാം. പരിപാടിക്ക് ജില്ലാ കളക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സര്‍വ്വേ പരാതികള്‍ എന്നിവ ഒഴികയുള്ളവ സ്വീകരിക്കും.
അദാലത്തിന്റെ നിര്‍വഹണത്തിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലു ജീവനക്കാരെ നിയോഗിച്ച് സെല്‍ രൂപീകരിക്കും. ഇതിന്റെ മോണിറ്ററിംഗ് ചുമതല എഡിഎം ടി. വിജയന് നല്കി. ജനസമ്പര്‍ക്ക പരിപാടി പൊതുജനങ്ങളിലെത്തിക്കുന്നതിന് പ്രദേശിക പ്രചരണ പരിപാടികള്‍ നടത്തും.
യോഗത്തില്‍ അസി. കളക്ടര്‍ അരുണ്‍ കെ. വിജയന്, ഡപ്യൂട്ടി കളക്ടര്‍മാരായ വി. രാമചന്ദ്രന്, സി.അബ്ദുല്‍ റഷീദ്, ഡോ. ജെ. ഒ. അരുണ്‍, എ. നിര്‍മ്മല കുമാരി, വി.രമ, ആര്‍ഡിഒ അജീഷ്, ഗീത കണിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: