പത്തനംതിട്ട: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജില്ലാ പഞ്ചായത്തിന്റെ ഭരണം മുന്നോട്ടുപോകന്നതെന്ന് പ്രസിഡന്റ് അന്നപൂര്‍ണ ദേവിയും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഭരണ നേതൃത്വമാണ് ജില്ലാ പഞ്ചായത്തിനുള്ളതെന്ന് എല്‍ഡിഎഫ് പാര്ലമെന്റമെന്ററി പാര്‍ട്ടി നേതാവ് ആര്. ബി .രാജീവ്കുമാറും അവകാശപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ രണ്ട് വര്‍ഷത്തെ ഭരണനേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തില്‍ പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പദ്ധതി തുക ചെലവഴിച്ച കാര്യത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് രണ്ടാം സ്ഥാനം പത്തനംതിട്ട ജില്ലാ പഞ്ചായത്തിനാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രവര്‍ത്തനമികവിന് അടിവരയിട്ടു. ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് കുടുശ്ശിക ഉണ്ടായിരുന്ന ആറു കോടി രൂപ കൊടുത്തു തീര്‍ത്തു.
കൃഷി അനുബന്ധ മേഖലയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. അപ്പര്‍ കുട്ടനാട് മേഖലയിലെ കര്‍ഷകരെ സഹായിക്കാന്‍ 1.28 കോടി വകയിരുത്തി.കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പൈപ്പ് ലൈനുകള്‍ നീട്ടുന്നതിന് 1..5 കോടി ചെലവഴിച്ചു.30 ലക്ഷം രൂപ ചെലവഴിച്ച് വരാച്ചാല്‍ നവീകരിച്ചു.പരമ്പരാഗത തിരുവാഭരണ പാതയില്‍ തണമരങ്ങള് നട്ടുപിടിപ്പിച്ചു, അയിരൂരിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ഖരമാലിന്യ നിര്‍മാണ പ്ലാന്റ് നിര്‍മ്മിച്ച് നല്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് 15 ലക്ഷം രൂപ മുടക്കി ആധുനിക ആംബുലന്‍സ് വാങ്ങി നല്കി.
പുതിയ റോഡുകള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 70 കോടി രൂപ വകയിരുത്തി. ഇതില്‍ 35 കോടി കഴിഞ്ഞ വര്‍ഷം ചെലവഴിച്ചു. ഓരോ ഡിവിഷനിലുമായി 1.90 കോടി രൂപ ചെലവഴിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നല്കി. പത്താം തരം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്യൂഷന് നല്കി വിജയശതമാനം ഉയര്‍ത്തി. മല്ലപ്പള്ളിയിലെ 11 സ്കൂളുകളില്‍ ‘അലര്‍ട്ട് മല്ലപ്പള്ളി’ പദ്ധതി വഴി ഒരു ലക്ഷം രൂപ ചെലവഴിച്ചു
പട്ടിക വിഭാഗത്തില്‍പ്പെട്ട പ്രഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങി നല്കുന്ന പദ്ധതിക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 42.23 ലക്ഷം രൂപ കൈമാറി. തുടര്‍ സാക്ഷരതാ പദ്ധതിക്കായി 15 ലക്ഷം ചെലവഴിച്ചു തുടങ്ങി നിരവധി നേട്ടങ്ങള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ടുവച്ചു.
ജില്ലയുടെ വികസനത്തിനുതകുന്ന ഭാവനാ പരമായ പദ്ധതികള്‍ക്ക് രൂപം നല്കുന്നതില് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഭരണ സമിതി പരാജപ്പെട്ടതായിഎല്ഡിഎഫ് പാര്ലമെന്റമെന്ററി പാര്‍ട്ടി നേതാവ് ആര്. ബി .രാജീവ്കുമാര്‍ പറഞ്ഞു.ഭരണപരമായ സുതാര്യത ഉറപ്പുവരുത്താന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ‘സകര്‍മ്മ’ സോഫ്ട്വെയര് സുതാര്യത ഇല്ലാതാക്കാനായി ഭരണ സമിതി അട്ടിമറിച്ചു.
നിരവധി പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പൈപ്പ് ലൈനുകള്‍ നീട്ടാനെന്ന പേരില്‍ വാട്ടര്‍ അതോറിറ്റിയില്‍ ജില്ലാ പഞ്ചായത്തിന്റെ പണം കെട്ടി കിടക്കുന്നു. പദ്ധതിയുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല.ചെറുകിട ജല സേചന പദ്ധതികളൊന്നും നിലവില്‍ ജില്ലാ പഞ്ചായത്തിന് മുന്നിലില്ല.
ഭവന നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാന്‍ ജില്ലാ പഞ്ചായത്തിനായില്ല. 100 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നതാണ്. അനുമതി നേടി ആറു മാസം കഴിഞ്ഞിട്ടും പദ്ധതിയെ കുറിച്ച് യാതൊന്നും അറിയില്ല. നെല്ല്, പച്ചക്കറി മേഖലയില്‍ നേട്ടങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടുമ്പോഴും എത്ര ശതമാനം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പറയുന്നില്ല. പൊതു വിദ്യാഭ്യാസ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി വിജയ ശതമാനം കുറയുന്നു. തിരുവാഭരണ പാതയിലെ തണല്‍ മരങ്ങളുടെ പദ്ധതി തട്ടിപ്പായി മാറി, സംരക്ഷണമില്ലാതെ ചെടികള്‍ നശിച്ചു. സ്പോര്‍ട്സിനെ പൂര്‍ണമായും അവഗണിച്ചു. 60 ലക്ഷം രൂപ വകയിരുത്തിയിട്ടും ഇതിന്റെ പ്രയോജനം സ്പോര്‍ട്സിന് ലഭിച്ചില്ലെന്നുംആര്. ബി .രാജീവ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: