തിരുവല്ല: നിരവധി രാഷ്ട്രീയ ചതുരംഗങ്ങള്ക്ക് വേദിയായ നഗരസഭയില്‍ ഭരണകക്ഷിക്കുള്ളിലെ തമ്മില്‍ത്തല്ല് വികസന പദ്ധതികളെ പിന്നോട്ടടിക്കുന്നു. ചെയര്മാന് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന വടം വലിയാണ് വികസനത്തിന് തിരിച്ചടിയാകുന്നത്.
ആറ് മാസം കൂടിയാണ് കോണ്‍ഗ്രസിന്റെ കാലാവധി.ഭരണത്തിലേറുമ്പോഴുണ്ടായിരുന്ന ധാരണ അനുസരിച്ച് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള കെപിസി സി നിര്‍ദേശം പോലും തള്ളിയ ചെയര്‍മാനെതിരെ ഭരണകക്ഷിയായ യുഡിഫ് ഏപ്രില്‍ 18 ന് അവിശ്വാസം കൊണ്ടുവന്നിരുന്നു. പക്ഷേ അപ്രതീക്ഷിത അട്ടിമറിയിലൂടെ നേതൃത്വത്തെ മലര്‍ത്തിയടിച്ച് ചെയര്മാന് കെവി വര്‍ഗീസ് അവിശ്വാസത്തെ അതിജീവിക്കുകയായിരുന്നു. ഇതോടെ നഗരപിതാവിനെതിരെ ഭരണ മുന്നണി അവതരിപ്പിച്ച അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്ത സംസ്ഥാനത്തെ ആദ്യ ചെയര്മാന് എന്ന ഖ്യാതിയും കെ.വി വര്‍ഗീസ് സ്വന്തമാക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഭരണ മുന്നണിയിലെ ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ എസ്ഡിപി ഐ അംഗവും രണ്ട് സ്വതന്ത്രവും അനുകൂലിച്ചെങ്കിലും അവിശ്വാസം പരാജയപ്പെടുകയായിരുന്നു. എതിര്‍ത്തു വോട്ട് ചെയ്ത അംഗങ്ങളെയും അച്ചടക്ക ലംഘനം നടത്തിയ ചെയര്‍മാനെയും പ്രാഥമികാഗത്വത്തില് നിന്ന് കോണ്‍ഗ്രസ് പുറത്താക്കിരുന്നു. അവിശ്വാസം കൊണ്ടുവന്ന് ആറ് മാസം പൂര്‍ത്തിയായിട്ടും പാര്‍ട്ടി പുറത്താക്കിയ വ്യക്തി ചെയര്മാന് സ്ഥാനത്ത് തുടരുന്നതിനെതിരെ യുഡി എഫില്‍ കടുത്ത അമര്‍ഷം ഉയരുന്നുണ്ട്.
അവിശ്വാസം വിജയിക്കേണ്ട ഇരുപത് അംഗങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നതിന് യുഡിഎഫിന് കഴിയാത്തതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്നും ആരോപണമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ യു ഡി എഫ് കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസ് (എം) നുമായി രണ്ടര വര്‍ഷം വീതം ചെയര്മാന് സ്ഥാനം പകുത്ത് നല്‍കുന്നതിനും തീരുമാനമെടുത്തിരുന്നത്.
ആദ്യ പകുതി ലഭിച്ച കോണ്‍ഗ്രസിലെ തര്‍ക്കങ്ങളാണ് അവിശ്വാസത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസിന് ലഭിച്ച ആദ്യ പകുതിയില്‍ ഒന്നേ കാല് വര്‍ഷമാണ് കെ.വി വര്‍ഗീസിന് അനുവദിച്ചത്.ഇതിനിടെ കോണ്‍ഗ്രസ് പുറത്താക്കിയ കൗണ്‍സിലറന്മാരെ ചാക്കിലാക്കി ആറ് മാസത്തിന് ശേഷം ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ഇടതു മുന്നണി മെനയുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പക്ഷേ ഈ നീക്കത്തിനെതിരെ സി പി ഐ അടക്കമുള്ള ചില ഘടകകക്ഷിള്‍ ശക്തമായി രംഗത്തുണ്ട്. അങ്ങനെ വന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 39 പേരടങ്ങുന്ന കൗണ്‍സിലില്‍ 22 പേരാണ് ഭരണമുന്നണിയില്‍ ഉള്ളത്. കോണ്‍ഗ്രസ് 11, കേരളാ കോണ്‍ഗ്രസ് 10, ആര് എസ് പി 1 എന്ന താണ് ഭരണ മുന്നണിയിലെ കക്ഷിനില. പ്രധാന പ്രതിപക്ഷമായ എല്‍ഡിഎഫിന് ഒന്‍പതും ബിജെപി ക്ക് നാലും എസ്ഡിപി ഐ ക്ക് ഒന്നും മൂന്ന് സ്വന്തന്ത്രരുമാണ് ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണം കൊണ്ട് കാര്യമായ നേട്ടം കൈവരിക്കാന്‍ യുഡിഎഫ് നേതൃത്വം നല്കുന്ന ഭരണ സമിതിക്കായില്ല എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: