കരുളായി: മുളയുല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിക്കായി കാടിന്റെ മക്കള്‍ പരിശീലനത്തിലാണ്. നിലമ്പൂര്‍ സൗത്ത് വന വികാസ് ഏജന്‍സിയും പാലക്കാട് അപ്സര ട്രൈയിനിംങ് സെന്ററും സംയുക്തമായാണ് കാടിന്റെ മക്കള്‍ക്ക് നെടുങ്കയത്ത് വെച്ച് പരിശീലനം നല്‍കുന്നത്. തങ്ങളുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നതും, പാരമ്പര്യമായി നിര്‍മ്മിച്ചിരുന്നതുമായ കാട്ടിലെ മുളകൊണ്ടുള്ള ഉപകരണ നിര്‍മ്മാണ പരിശീലനം നേടുകയാണിവര്‍.
പുതുമ കാടിന്റെ മക്കളേയും തേടി എത്തിയപ്പോള്‍ പാരമ്പര്യമായി ഉപയോഗിച്ച മരപാത്രങ്ങളെ അവര്‍ മറന്നു, ഒപ്പം നിര്‍മ്മാണ രീതിയും. കാട്ടിലുള്ള കല്ലന് മുള, പറമുള, ഈറ്റ, കുറത്തി മുള, ആനമുള എന്നിവ ഉപയോഗിച്ചാണിവര്‍ വിവിധ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
എന്നാല്‍ പുതിയ കാലഘട്ടത്തില്‍ കൗതുകത്തിനും, അലങ്കാരത്തിനും, പഴമയിലേക്കുള്ള മടക്കത്തിനുമായി വനവിഭവങ്ങള്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് വനംവകുപ്പുമായി സഹകരിച്ച് പരിശീലനങ്ങള്‍ ആരംഭിച്ചത്. നെടുങ്കയം കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിശീലനത്തില്‍ നിലമ്പൂര്‍ റെയിഞ്ചിന് കീഴിലെ ഉള്‍വനമായ നെടുങ്കയം, മുണ്ടക്കടവ്, പാട്ടക്കരിമ്പ് കോളനികളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരടക്കം 30 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പ്രാദേശികമായി ലഭിക്കുന്ന മുളകള്‍ ഉപയോഗിച്ച് വീട്ടുപകരണങ്ങായ പുട്ട് കുറ്റി, ജഗ്ഗ്, പപ്പട കോല്, ഗ്ലാസ്സുകള്‍, വിവിധ തരം ഫഌവര്വെയിസുകള് തുടങ്ങിയവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം. വിവിധ ഇനത്തില്‍പ്പെടുന്ന മുളകള്‍ പരിശീലനത്തിനായി കരുവാരക്കുണ്ട്, എടവണ്ണ തുടങ്ങിയവിടങ്ങളില്‍ നിന്നുമാണ് എത്തിച്ചിട്ടുള്ളത്. ഇരുപത് ദിവസമാണ് പരിശീലനം. തുടര്‍ന്ന് മൂന്ന് യൂണിറ്റുകളായി തിരിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ നെടുങ്കയം, കനോലി പ്ലോട്ട് എന്നിവിടങ്ങളില്‍ വിപണനത്തിന് എത്തിക്കും. കോളനിക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കരുളായി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ. വി. ബിജു പറഞ്ഞു.
പാലക്കാട് പ്രവര്‍ത്തിക്കുന്ന അപ്സര ട്രെയിനിംങ് ജസ്റ്റിസ്റ്റൂട്ട് ഫോര്‍ സ്കില്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മെന്റിലെ അദ്ധ്യാപകരായ, അംബികദേവിയും, ശശിധരനുമാണ് വിദഗ്ദ്ധ പരീശീലനം നല്‍കുന്നത്. പരിശീലനം മികച്ചതാണന്ന് പഠിതാക്കളും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: