മലപ്പുറം: ജില്ലയില്‍ നടപ്പിലാക്കുന്ന എം.ആര് പ്രതിരോധ യജ്ഞത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും പങ്കാളികളാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയതലത്തില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് നേതൃത്വവും പ്രചോദനവും നല്‍കുന്നതിന്റെ ഭാഗമായാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എം.ആര് പരിപാടിക്ക് മുന്‍കൈ എടുക്കുന്നത്. വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്ന സംഘടനകള്‍ക്കെതിരെയും രക്ഷകര്‍ത്താ ക്കള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ സര്‍വീസസ് അതോററ്റി ഭാരവാഹി രാജന് തട്ടില്‍ പറഞ്ഞു.
പഞ്ചായത്ത് തലത്തില്‍ എടക്കരയും (93.8%), തിരുവാലിയും (90.38%) യജ്ഞപങ്കാളിത്തത്തില് മുന്നില്‍. ബ്ലോക്ക് തലത്തില്‍ ചുങ്കത്തറ (76%)യാണ് മുന്നില്‍. ചെറിയമുണ്ടമാണ് (20%) യജ്ഞത്തില്‍ ഏറെ പിന്നില്‍. വളവന്നൂര്‍, കുറ്റിപ്പുറം, മങ്കട, വേങ്ങര എന്നീ പ്രദേശങ്ങളും പിന്നിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഊര്‍ജ്ജിത പരിപാടിയുടെ ഭാഗമായി ജില്ലയിലെ പങ്കാളിത്തം കൂടിവരുന്നുണ്ട്.
എം.ആര് പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ബ്ലോക്ക്തല മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സുമാര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായി ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കും. 17ന് മൂന്ന് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ നടത്തുന്ന സെമിനാര്‍ ജില്ലാ ജഡ്ജി ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി സെക്രട്ടറി രാജന് തട്ടില്‍, ഡോ. സന്തോഷ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. രേണുക, ഗോപാലന് ടി.എം. തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: