നിലമ്പൂര്‍: കരുളായി വനത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ട് 24ന് ഒരു വര്‍ഷം പൂര്‍ത്തിയാകും.
വാര്‍ഷികത്തില്‍ തിരിച്ചടിക്കുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിക്കാടുകളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന തുടങ്ങി. കേരള തമിഴ്നാട് അതിര്‍ത്തി വനമേഖലയായ ചേരമ്പാടി, പന്തല്ലൂര്‍ ഭാഗങ്ങളില്‍ മൂന്ന് സംഘങ്ങളായാണ് പരിശോധന. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്ന മേഖലയാണിത്.
മുണ്ടേരി വനത്തിലേക്ക് എത്താന്‍ എളുപ്പമാര്‍ഗമുണ്ട്. മുണ്ടേരിയില്‍ നിന്നു വയനാട് വനമേഖലയിലേക്കും എത്തിച്ചേരാനാവും. 2016 നവംബര്‍ 24നാണ് കരുളായി വനത്തിലെ വരയന്മലയുടെ താഴ്വാരത്ത് പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുദേവരാജും സ്റ്റേറ്റ് കമ്മിറ്റി അംഗമായ അജിതയും കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് രക്തസാക്ഷിത്വവാരത്തോടനുബന്ധിച്ച് അടുത്തിടെ, വെടിവെപ്പുണ്ടായ സ്ഥലത്ത് മാവോയിസ്റ്റുകളെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനയോഗം നടത്തുകയുമുണ്ടായി. തൊട്ടടുത്ത ദിവസം പുഞ്ചക്കൊല്ലി കോളനിയിലുമെത്തി. വെടിവെപ്പിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പ് നല്കുന്ന പോസ്റ്റര്‍ പതിച്ചാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ വര്‍ധിച്ചിട്ടുണ്ട്. 24 മണിക്കൂറും തണ്ടര്‍ബോള്‍ട്ട് കാവലുണ്ട്.
വര്‍ഷങ്ങളായി നിലമ്പൂര്‍ വനത്തില്‍ അസ്വസ്ഥതകള്‍ പടര്‍ത്തി മാവോയിസ്റ്റ് സംഘത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു നവംബര്‍ 24ലെ ഏറ്റുമുട്ടല്‍. കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഫെബ്രുവരിയിലും പോലീസും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ കോളനിവാസികളെ മനുഷ്യമതിലാക്കി മാവോയിസ്റ്റുകള്‍ രക്ഷപ്പെടുകയായിരുന്നു.
2013 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, അമരമ്പലം പഞ്ചായത്തിലെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടായി. സാധാരണ ഒക്ടോബര്‍, നവംബര്‍ മുതല്‍ മെയ് വരെയാണ് വനമേഖലയില്‍ മാവോവാദികള്‍ എത്താറുള്ളത്.
മഴക്കാലങ്ങളില്‍ അതായത് ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ തുടങ്ങിയ മാസങ്ങളില്‍ ഇവരുടെ സാന്നിധ്യം കാണാറില്ല. ഈ സമയത്താണ് മാവോവാദികള്‍ സാധാരണയായി വടക്കെ ഇന്ത്യയിലും മറ്റും പരിശീലനത്തിനു പോകാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: