പുക്കോട്ടുംപാടം: കണ്ണുനിറയാന്‍ ഉള്ളി അരിയുകയൊന്നും വേണ്ട വില കേട്ടാല്‍ മാത്രം മതി.
ചെറിയ ഉള്ളിയുടെ വില 180 രൂപയിലേക്കെത്തി. സവാളയുടെ വിലയും കുതിക്കുകയാണ്. ഒരുകിലോ സവോളക്ക് ഇന്നലത്തെ വില 45 രൂപയാണ്. ജിഎസ്ടിയുടെ പേരില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കി വരികയാണ്. ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കാത്തതാണ് വ്യാപാരികള്‍ക്ക് പ്രോത്സാഹനമാകുന്നത്.
ജിഎസ്ടി കേന്ദ്രസര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള ആയുധമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. പക്ഷേ ഇത് ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്.
ജില്ലയിലേക്ക് ഉള്ളിയെത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. ശക്തമായ മഴയെ തുടര്‍ന്ന് കൃഷിനാശമുണ്ടായതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതിനിടെ ഉള്ളിക്ക് പകരകാരനായി ചിറ്റുള്ളി വിപണിയിലെത്തിയിട്ടുണ്ട്. ചെറിയുള്ളിയേക്കാള് കുറച്ച് വലിപ്പം കൂടിയ വിലക്കുറവുള്ള ചിറ്റുള്ളിയാണ് ഇപ്പോള്‍ താരം. കിലോയ്ക്ക് 60 രൂപയേയുള്ളൂ. പക്ഷേ, ചെറിയുള്ളിയുടെ ഗുണങ്ങളൊന്നും ഈ പകരക്കാരനില്നിന്ന് പ്രതീക്ഷിക്കേണ്ട. രുചിയും മണവും സവാളയെന്ന വലിയ ഉള്ളിയുടേതാണ്. സവാളയുടെ പകരക്കാരനാക്കാം. പക്ഷേ, മാര്‍ക്കറ്റിലിപ്പോള്‍ ചെറിയ ഉള്ളിയുടെ പകരക്കാരനായാണ് ചിറ്റുള്ളി വിലസുന്നത്.
സാമ്പാര്‍ മുതല്‍ ചുക്കുകാപ്പിയിലും ചമ്മന്തിയിലും വരെ ഇവന് കയറിക്കൂടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: