പന്തളം: ശബരിമല തീര്‍ത്ഥാടനത്തിന് ഇനി മൂന്നു ദിവസങ്ങള്‍ മാത്രം. മൂലസ്ഥാനമായ പന്തളത്ത് തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് മുന്‍ കാലങ്ങളിലെപ്പോലെ അസൗകര്യങ്ങള്‍ മാത്രം. ഇത്തവണയും ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്ക്കുവാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനോ മതിയായ സൗകര്യമൊരുക്കുവാന്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥയാണ് കാട്ടുകയാണ്.
5 കോടി രൂപ ചിലവില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വാഹന പാര്‍ക്കിംഗ്, വിരിപ്പുര, ശൗചാലയങ്ങള്‍ എന്നിവയുടെ സമുച്ചയം നിര്‍മ്മിക്കുവാന്‍ ഒരു വര്‍ഷം മുമ്പ് 5 കോടി രൂപ അനുവദിച്ചിരുന്നു. താഴത്തെ നിലയില്‍ പാര്‍ക്കിംഗ്, മുകളില്‍ ശൗചാലയങ്ങളും വിരിവെപ്പും, മൂന്നാം നിലയില്‍ അന്നദാന ഹാളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതുപൂര്ത്തിയായിരുന്നെങ്കില് തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടിനു കുറെയൊക്കെ പരിഹാരമാകുമായിരുന്നു. എന്നാല്‍ പലകാരണങ്ങളാല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായി 68 പില്ലറുകളുടെ നിര്‍മ്മാണവും തുടങ്ങിയിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴ പണികളെ സാരമായാണ് ബാധിച്ചത്. അച്ചന്കാവിലാറിനോടു ചേര്‍ന്ന് ഭൂനിരപ്പില്‍ നിന്നും താഴ്ന്ന സ്ഥലമായതിനാല്‍ ഇവിടെ വെള്ളം നിറഞ്ഞതാണ് പണികള്‍ മുടങ്ങാന്‍ കാരണം. ഇപ്പോഴും വെള്ളം പൂര്‍ണ്ണമായി താഴാത്തതിനാല്‍ പണികള്‍ ഏറെ മന്ദഗതിയിലാണ് നടക്കുന്നത്.
അതിനാല്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം തീരുന്നതിനു മുമ്പു പോലും പണികള്‍ ഒരിടത്തുമെത്തില്ല. കളിഞ്ഞ വര്‍ഷം വരെ വാനുകളുള്‍പ്പെടെ ഇടത്തരവും ചെറിയ വാഹനങ്ങളും പാര്‍ക്കു ചെയ്തിരുന്ന സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനാല്‍ ഈ വര്‍ഷം ഇവിടെ പാര്‍ക്കിംഗ് അസാദ്ധ്യമായിരിക്കുകയാണ്.
ഇത് അന്യ സംസ്ഥാനത്തു നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഇത്തരം വാഹനങ്ങളിലെത്തുന്നവരെ ഏറെ ബുദ്ധിമുട്ടിക്കും.
ദേവസ്വം ബോര്‍ഡ് പണം അനുവദിച്ചപ്പോള്‍ അധികം താമസിയാതെതന്നെ പണി തുടങ്ങുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തീര്‍ത്ഥാടനം തുടങ്ങുന്ന വൃശ്ചികം 1നു മുമ്പു തന്നെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ മഴയെ പഴിച്ചുകൊണ്ട് കൈകഴുകുകയാണ് ബന്ധപ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: