മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ സര്‍ക്കാര്‍ അവഗണിക്കുന്നു. മഞ്ചേരിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് അനുവദിച്ച കാത്ത്ലാബാണ് മഞ്ചേരിയിലേക്ക് മാറ്റാനിരുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മുഖേനയാണ് സംസ്ഥാനത്തെ 10 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാത്ത്ലാബ് ഒരുക്കുന്നത്.
കാഞ്ഞങ്ങാട് സ്ഥലം കുറവായതിനാലാണ് കാത്ത്ലാബ് മഞ്ചേരിയിലേക്കു മാറ്റാന്‍ നടപടി തുടങ്ങിയത്. രണ്ടു മാസം മുന്‍പ് സ്ഥലം പരിശോധിച്ചു. അനുകൂലമായ റിപ്പോര്‍ട്ട് അയച്ചു. കാത്ത്ലാബിന്റെ രൂപരേഖ തയാറാക്കി അനുമതിതേടി സര്‍ക്കാരിലേക്ക് കത്തയച്ചു. എന്നാല്‍ കാഞ്ഞങ്ങാട്ടുനിന്ന് മഞ്ചേരിക്ക് അനുവദിച്ചുള്ള ഉത്തരവ് ലഭിച്ചില്ല.
സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയതാണ്. ഇതോടൊപ്പം പണി തുടങ്ങിയ ചില കേന്ദ്രങ്ങളില്‍ ലാബിന്റെ പണികള്‍ പുരോഗമിക്കുകയാണ്.
ഉപകരണങ്ങള്‍ വാങ്ങാന്‍ കമ്പനികളുമായി ധാരണയിലെത്തി. എറണാകുളം, പാരിപ്പള്ളി എന്നിവിടങ്ങളില്‍ പര്‍ച്ചേഴ്സ് ഓര്‍ഡര്‍ നല്കി. മറ്റു ചില കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ അനുമതി ലഭിച്ചാല്‍ തുടങ്ങും. മഞ്ചേരിയില്‍ വൈദ്യുതിയും സ്ഥലവും ലഭ്യമാണ്. സര്‍ക്കാര്‍ ഉത്തരവ് കിട്ടാത്തതാണ് തടസ്സം.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഒരാഴ്ചമുന്പ് കോളജ് സന്ദര്‍ശിച്ചപ്പോള്‍ ലാബ് തുടങ്ങുന്നതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: