പരപ്പനങ്ങാടി: ഈ കാലവര്‍ഷത്തില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും മഴ മാറിയതോടെ കടലുണ്ടിപ്പുഴയിലെ ജലവിതാനം ക്രമാതീതമായി താഴുകയാണ്.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയുടെ ദാഹം തീര്‍ക്കുന്ന കടലുണ്ടിപ്പുഴ ഇന്ന് അത്യാസന്ന നിലയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് മണ്ണട്ടാംപാറ അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ തകര്‍ന്ന് നിലംപൊത്തിയതോടെയാണ് ഒടുവില്‍ പെയ്ത തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴവെള്ളവും കുത്തിയൊലിച്ച് അറബിക്കടലിലെത്തുന്നത്. തുലാമാസത്തിലെ മഴവെള്ളം പുഴയില്‍ നിറഞ്ഞ് നിന്നാല്‍ മാത്രമേ പുഴയൊഴുകുന്ന വഴികള്‍ സമ്യദ്ധമാകൂയെന്നാണ് പഴമക്കാര്‍ പറയുന്നത്.
പുഴയിലെ ജലസമൃദ്ധിയില്‍ ആ പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ തോത് സംരക്ഷിക്കപ്പെടുക വഴി ജലസ്രോതസുകളില്‍ ജലലഭ്യത വേനല്‍ക്കാലത്തും കുറയുമായിരുന്നില്ല. എന്നാല്‍ വേനലെത്തും മുമ്പേ പുഴയിലെ വെള്ളം ദിവസം തോറും വന്‍തോതില്‍ കുറയുകയാണ്. ഇത് വരാനിരിക്കുന്ന വേനലിന്റെ കാഠിന്യമാണെന്നാണ് കൃഷിക്കാരുടെ അഭിപ്രായം. അണക്കെട്ടിലെ ഷട്ടര്‍ തകര്‍ന്നതിനാല്‍ അപ്പുറം മാതാപ്പുഴയിലെ ഉപ്പുവെള്ളം തിരിച്ചുകയറി കൃഷി നശിക്കാനും കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടാനും സാധ്യതയേറെയാണ്. ജല അതോറിറ്റിയുടേതടക്കം നിരവധി പദ്ധതികളാണ് കടലുണ്ടിപ്പുഴയിലുള്ളത്.
കക്കാട്, തലപ്പാറ, നെടുവ, ഉളളണം, കോട്ടത്തറ, മോര്യകാപ്പ്, വെഞ്ചാലി, പരപ്പനങ്ങാടി, തിരൂരങ്ങാടി, മൂന്നിയൂര്‍, തേഞ്ഞിപ്പലം തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിയും കടലുണ്ടിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് നടത്തുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലേക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും വെള്ളം പമ്പ് ചെയ്യുന്നതും കടലുണ്ടിപ്പുഴയില്‍ നിന്നാണ്. മാറിവന്ന സര്‍ക്കാരുകളും ജനപ്രതിനിധികളും ഒരു നാടിന്റെ ജലസംഭരണിയായ മണ്ണട്ടാംപാറ അണക്കെട്ടിനെ അവഗണിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം.
ഷട്ടര്‍ ഓപ്പറേറ്റിങ്ങ് യൂണിറ്റിന്റെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്തത് കാരണം ഒന്നാമത്തെ ഷട്ടര്‍ ഉയര്‍ത്താനാകാത്ത സാഹചര്യത്തിലാണ്. കണ്ട്രോള് യൂണിറ്റിന്റെ സ്ലാബുകള്‍ പലതും അപകട ഭീഷണിയിലാണ്. വള്ളിക്കുന്ന്-മൂന്നിയൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അണക്കെട്ടിന്റെ മുകള്‍ഭാഗത്തെ നടപ്പാതയുടെ കൈവരികളും സ്ലാബുകളൂം പ്ലാസ്റ്ററിങ്ങ് അടര്‍ന്ന് വീണ് കമ്പി തുരുമ്പെടുക്കുകയാണ്. ഇപ്പോള്‍ അടിയന്തിര അറ്റകുറ്റപ്പണിക്കായി മൂന്ന് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. അണക്കെട്ടിന്റെ പുനര്‍ നിര്‍മാണം വൈകുകയാണെങ്കില്‍ കൃഷിയിടങ്ങളുപേക്ഷിച്ച് മലപ്പുറത്തെ പടിഞ്ഞാറന്‍ മേഖല കുടിവെള്ളം തേടി പലായനം ചേയ്യേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: