മലപ്പുറം: ശബരിമല തീര്‍ത്ഥാടന കാലത്ത് ഇടത്താവളമായി ഉപയോഗിക്കുന്ന മിനി പമ്പ നവംബര്‍ 14 നകം ഭക്തന്മാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. മിനി പമ്പയില്‍ വിളിച്ചു ചേര്‍ത്ത ഉദേ്യാഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ട ചുമതല ദേശീയ പാത വിഭാഗം ഡപ്യൂട്ടി കളക്ടര്‍ ജയശങ്കര്‍ പ്രസാദിനാണ്. മേഖലയിലെ താല്‍ക്കാലിക വൈദ്യുതികരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നടത്തും. മേഖലയിലെ സ്ഥിര വൈദ്യതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.
മിനി പമ്പയില്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. പമ്പയ്ക്ക് മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് രാവിലെ പുറപ്പെടുന്ന രീതിയില്‍ ബസ് തുടങ്ങും.
24 മണിക്കൂറും പോലീസിന്റെ സേവനം ലഭ്യമാക്കും. നിലവിലുള്ള അന്നദാനം അതെ പോലെ തുടരും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് 13ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിണ്ടും യോഗം ചേരും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ അമിത് മീണ, ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് അംഗം എം.ബി.ഫൈസല്‍, ആര്‍ഡിഒ ടി.വി.സുഹാഷ്, ഡപ്യൂട്ടി കളക്ടര്‍ സി. അബ്ദുല്‍ റഷീദ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, ഡപ്യൂട്ടി ഡിഎംഒ മുഹമ്മദ് ഇസ്മായില്‍, ഡിടിപിസി സെക്രട്ടറി ബിനിഷ് കുഞ്ഞപ്പന്, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യന് കെ.പി., ത്യപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി ശിവദാസ്, അബ്ദുല്‍ നാസര്‍ കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: