പരപ്പനങ്ങാടി: ഈ മാസം 21ന് പരപ്പനങ്ങാടി പുത്തരിക്കലില്‍ വെച്ച് വാഹനമിടിച്ച് മരിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. 21ന് രാത്രി 11 മണിയോടെയാണ് പരപ്പനങ്ങാടി കോടതി പരിസരത്ത് വാഹനം തട്ടി ഗുരുതര പരിക്കോടെ പാലക്കാട് കോട്ടായി സ്വദേശി പുത്തൂര്‍ മുസതഫ( 54)യെ കണ്ടെത്തുന്നത്.
അഞ്ചപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നുമാണ് മരണം സംഭവിച്ചത്. ഏതോ അജ്ഞാത വാഹനം തട്ടിയതായാണ് പോലീസ് എഫ്ഐആര്‍ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മുസ്തഫയുടെ മരണം സംഭവ ദിവസം സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസിന്റെ ജീപ്പ് തട്ടിയാണെന്ന് ദൃക്സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ കേസ് ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി.
കെഎല്‍ 01 ബികെ 6181 പോലീസ് ജീപ്പിന്റെ വീല്‍ കപ്പുകളിലൊന്ന് കാണാതായതും വാഹനത്തില്‍ പാടുകളുള്ളതും ദുരുഹതയേറ്റുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അപകട സ്ഥലത്തിന് തൊട്ടടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയിലാക്കിയതും സംശയത്തിനിട നല്കുന്നു.
അപകടം നടന്നയുടനെ മിനുട്ടുകള്‍ക്കകം താനൂര്‍ സിഐ ഈ ആശുപത്രിയിലെത്തിയതും ഉദ്യോഗസ്ഥ ഇടപെടല്‍ നടന്നതായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അപകടം മറച്ചുവെച്ച പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തികൊണ്ടുള്ള ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇതിനകം വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് ജീപ്പ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മരിച്ച മുസ്തഫയുടെ ബന്ധു തറമ്മല്‍ അഷറഫ്, യു.കലാനാഥന്, ഷമീര്‍ കന്യകത്ത് തുടങ്ങിയവരാണ് അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: