പന്തളം: സിപിഎം അടിസ്ഥാന വര്‍ഗ്ഗത്തെ കൈവിട്ട് ഇന്ന് സമ്പന്നന്മാരുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന് പറഞ്ഞു. പൊരിച്ചകുന്ന് കോളനിയിലെ അനധികൃത സെമിത്തേരികള്ക്കെതിരെ ബിജെപി സംഘടിപ്പിച്ച അതിജീവനസമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനുദാഹരണമാണ് അഴിമതിക്കാരനായ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത്.
ഇവിടെ നടക്കുന്ന സമരം ന്യൂനപക്ഷങ്ങള്ക്കെതിരെയാണെന്നു പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവു നടത്താന്‍ ചിലര്ശ്രമിക്കുകയാണ്. ബിജെപിയില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും ന്യൂനപക്ഷ സമൂഹത്തില്‍ നിന്നുള്ളവരുണ്ട്. ഇത് ന്യൂനപക്ഷത്തിനെതിരെയുള്ള സമരമല്ല, ഒരു പ്രദേശത്തെ ജനങ്ങളുടെ അതിജീവനത്തെ തടയുന്ന ഒന്‍പതോളം അനധികൃതമായ സെമിത്തേരികള്‍ക്കെതിരെയുള്ള സമരമാണ്. എല്ലാവരെയും ഒന്നായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും തുല്യനീതിയാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പന്തളം തെക്കേക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്. ഗോപാലകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ എം.ജി. കൃഷ്ണകുമാര്‍, പി.ആര്.ഷാജി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി. ലീലാദേവി, പി. രാജമ്മ, എസ്. രാധാമണി, രവീന്ദ്രന് പിള്ള, തുടങ്ങിയവര്‍ സംസാരിച്ചു.
പൊരിച്ചകുന്നില് സ്ഥിതി ചെയ്യുന്ന ഒന്‍പതോളം അനധികൃത സെമിത്തേരികള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടത്തുന്ന അതിജീവന സമരം ബിജെപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തമാക്കും. അതിജീവന സമരത്തിന് കൂടുതല്‍ കരുത്തു പകരുന്നതിനായി പതിനഞ്ചംഗ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: