കാഞ്ഞങ്ങാട്: ഉദ്ഘാടനത്തിനൊരുങ്ങുന്ന കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റിനകത്ത് കെട്ടിടത്തിനുള്ളില്‍ എല്‍ഡിഎഫ് സമ്മേളനം നടത്തിയത് വിവാദമാകുന്നു. ആറ് മാസത്തിനകം ഉദ്ഘാടനം നടത്താനായി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന് നയിക്കുന്ന എല്‍ഡിഎഫിന്റെ ജനജാഗ്രതയ്ക്ക് സ്വീകരണം ഒരുക്കിയത് ഈ കോപ്ലക്സിനകത്താണ്. സമ്മേളനത്തിന്റെ ക്രമീകരണത്തിനായി രണ്ട് ദിവസത്തെ പ്രവര്‍ത്തികളാണ് മുടങ്ങിയത്. തൊഴിലാളി പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം പാര്‍ട്ടി സമ്മേളനത്തിന്റെ പേരില്‍ അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ രണ്ട് ദിവസത്തെ കഞ്ഞികുടിയാണ് മുട്ടിച്ചത്.
പ്രത്യേക അനുമതിയോടെയാണ് പൊതു സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പരിപാടികള്‍ നടക്കാറുള്ളത്. മാത്രമല്ല നഗരസഭയുടെ പരിധിയില്‍ വരുന്ന കെട്ടിടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിത നിരക്കില്‍ വാടക ഈടാക്കാറുണ്ട്. ഉദ്ഘാടനം ചെയ്യപ്പെടാത്ത കോപ്ലക്സ് എന്നതിലുപരി പൊതു പരിപാടികള്‍ നടത്താന്‍ പ്രത്യേക ഇടങ്ങളോ നീക്കി വെച്ചിട്ടുമില്ല. മാത്രമല്ല ഉദ്ഘാടനം നടക്കാത്തതുകൊണ്ട് വാടക നിശ്ചയിച്ചിട്ടുമില്ല. പരിപാടിയുടെ നടത്തിപ്പിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയക്ക് സിപിഎം നേതൃത്വം അപേക്ഷ കൊടുത്തിട്ടില്ല. നഗരസഭ ചെയര്മാന് തന്റെ സ്വന്തം ഇഷ്ട പ്രകാരം കയ്യൂക്കിന്റെ ബലത്തിലാണ് സമ്മേളനം നടത്തിയതെന്ന് പ്രതിപക്ഷമായ ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രവത്തികള്‍ നടക്കുന്നതിനാലും അല്ലെങ്കിലും ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിപാടികള്‍ നടത്താന്‍ അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: