കാഞ്ഞങ്ങാട്: തുളുനാട്ടിലെ തുലാമാസ തിരുവോണമായ പൊലിയന്ദ്രം ചടങ്ങ് ഭക്തിസാന്ദ്രമായി. അസുര രാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന പൊലിയന്ദ്രം എന്ന ആഘോഷ ചടങ്ങ് വാവുതൊട്ടുളള ഇനിയുള്ള മൂന്ന് ദിവസങ്ങളില്‍ ഇരിയ പൊടവടുക്കത്തും, കീഴൂരുമാണ് ആഘോഷിക്കുന്നത്. ഇരിയ പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസ പൊലിയന്ദ്രം ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ സാക്ഷികളായി. ക്ഷേത്ര പരിധിയില്‍ നിന്ന് ഐതിഹ്യത്തില്‍ പറയുന്ന രീതിയിലുളള ലക്ഷണമൊത്ത പാലമരം ചെണ്ടമേളത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പൊടവടുക്കത്തേക്കെത്തിച്ചത്. അട്ടേങ്ങാനം കപ്പണയിലെ അച്ചുവിന്റെ വീട്ടു വളപ്പില്‍ നിന്നാണ് പാലമരം ക്ഷേത്രത്തില്‍ എത്തിച്ചത്. പാലമരം മുറിച്ച് ചെത്തിമിനുക്കി പ്രത്യേക വടം കെട്ടി വാല്യക്കാര് ചുമലിലേറ്റി കിലോമീറ്റര്‍ ചുറ്റിയാണ് പൊടവടുക്കം ക്ഷേത്രവയലിലെത്തിച്ചത്. ക്ഷേത്ര വയലിലെത്തിച്ച പാലമരം വയലില്‍ സ്ഥാപിച്ചു. സന്ധ്യയോടെ മരത്തില്‍ നിറയെ ദീപങ്ങള്‍ തെളിയിക്കുന്നതോടെയാണ് അപൂര്‍വ ചടങ്ങ് നടക്കുന്നത്. ബലീന്ദ്ര പൂജ ലോപിച്ചാണ് പൊലിയന്ദ്രം എന്ന വാക്കുണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. പൊലിയന്ദ്രം വിളിയെന്ന പേരിലാണ് കേരളത്തില്‍ ആഘോഷം അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: