നിലമ്പൂര്‍: ആശുപത്രി മാലിന്യങ്ങളും കോഴി അവശിഷ്ടമടവുമടക്കമുള്ള മാലിന്യങ്ങളുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം അളക്കല്‍ ഭാഗത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ കാളികാവില്‍ നിന്നും മാലിന്യവുമായെത്തിയ ഗുഡ്സ് ജീപ്പ് തടഞ്ഞത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യവ്യക്തിയുടെ സമ്മതത്തോടെ മാലിന്യം നിക്ഷേപിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രിയില്‍ കാവലിരുന്നാണ് പുലര്‍ച്ചെ നാല് മണിയോടെയെത്തിയ വാഹനം തടഞ്ഞത്. തുടര്‍ന്ന് ജനപ്രതിനിധികളെയും പോലീസിനെയും വിവരമറിയിച്ചു. കാളികാവ് സ്വദേശി അളക്കലിലുള്ള തന്റെ ഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് കരാറുണ്ടാക്കുകയും ലോഡ് ഒന്നിന് 4500 രൂപ വീതം വാങ്ങിയാണ് റബ്ബര്‍ പ്ലാറ്റ്ഫോമില്‍ കുഴിയെടുത്ത് മാലിന്യങ്ങള്‍ തട്ടിയിരുന്നത്.
ഈ സ്ഥലത്തിന് ചേര്‍ന്നൊഴുകുന്ന കുറുഞ്ഞിത്തോടില് നിന്നുമുള്ള ജലമാണ് പെരുമ്പാടം ആദിവാസി കോളനിയിലെ നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനും കുളിക്കുന്നതിനും ഉപയോഗിക്കുന്നത്. കുഴിച്ചിട്ട മാലിന്യങ്ങള്‍ നായ്ക്കളും കുറുക്കന്മാരും മാന്തിവെളിയിലിട്ട നിലയിലുമാണ്. സ്വകാര്യവ്യക്തിയുടെ കാളികാവിലെ വീട്ടിലേക്ക് മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ച് നിന്നതോടെ പോലീസുകാര്‍ വിഷമവൃത്തത്തിലായി.
രാവിലെ പത്തോടെ കൊണ്ടുവന്ന മാലിന്യങ്ങള്‍ കുഴിച്ചിടാന്‍ അവസരമൊരുക്കണമെന്നും മേലില്‍ മാലിന്യങ്ങള്‍ ഈ ഭാഗത്തേക്ക് കൊണ്ടുവരില്ലെന്നും പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ എത്തിച്ചവരെക്കൊണ്ട് തന്നെ തലച്ചുമടായി കൊണ്ടുപോയി കുഴിച്ചിടീപ്പിക്കുകയായിരുന്നു. മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റില്ലാതെ വന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം അരീക്കോട് ഭാഗത്ത് നിന്നും മാലിന്യവുമായി രാത്രിയെത്തിയ വാഹനം ചാലിയാര്‍ എച്ച് ബ്ലോക്കില്‍ വെച്ച് നാട്ടുകാര്‍ ഇടപെട്ട് മടക്കിയയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: