കാഞ്ഞങ്ങാട്: നഗരങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും കവര്‍ച്ചയും പിടിച്ചുപറിക്കലും നിരന്തരം തുടരുമ്പോഴും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട പോലീസിന്റെ നിരീക്ഷണ ക്യാമറകള്‍ ഉറക്കത്തില്‍ തന്നെ. കവര്‍ച്ചാപരമ്പരകള്‍ ആവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ മാത്രം പോലീസ് സ്ഥാപിച്ച മുപ്പത്തിരണ്ട് നിരീക്ഷണ ക്യാമറകള്‍ ആറുമാസത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. കാഞ്ഞങ്ങാട് നഗരത്തിലെ ഏതാനും ക്യാമറകള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എടുത്ത് മാറ്റിയതാണ്.
മാവുങ്കാല്‍, അജാനൂര്‍, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്, സ്റ്റേഷന് റോഡ് ആലാമിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ക്യാമറകള്‍ തകരാറിലാണ്. പോലീസ് കണ്ട്രോള് റൂമിലെ ക്യാമറ മോണിറ്ററിംഗ് സെന്റര്‍ തന്നെ അടച്ചുപൂട്ടുകയായിരുന്നു. ഹോസ്ദുര്‍ഗ് സ്റ്റേഷനകത്ത് ലോക്കപ്പ് മുറിക്ക് അഭിമുഖമായി സ്ഥാപിച്ച രണ്ടുനിരീക്ഷണക്യാമറകളും പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. ഇത് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു. നഗരത്തിലെ നിരീക്ഷണ ക്യാമറകള്‍ കണ്ണുചിമ്മിയതോടെ പോലീസ് ആശ്രയിക്കുന്നത് സ്വകാര്യസ്ഥാപനങ്ങളില്‍ നഗരത്തിലേക്ക് കണ്ണ്തുറന്ന് നില്ക്കുന്ന ക്യാമറകളെയാണ്. ഇതെല്ലാം കവര്‍ച്ചക്കാര്‍ക്കും ക്രിമിനിലുകള്‍ക്കും അനുഗ്രഹമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: