വേങ്ങര: ജനവിധി യുഡിഎഫിനൊപ്പമായിരുന്നെങ്കിലും കെ.എന്‍.ഖാദറിന്റെ വിജയത്തിന് തിളമിക്ക. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഖാദര്‍ വിജയിച്ചത്. 38057ല്‍ നിന്ന് ഭൂരിപക്ഷം 23310 ആയി കുറഞ്ഞു. ലീഗിനുള്ളിലെ ആഭ്യന്തരകലഹം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചതായാണ് വിലയിരുത്തല്‍. 2016ല്‍ പി.കെ.കുഞ്ഞാലിക്കുട്ടി 38057 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. അന്ന് പോളിങ് ശതമാനം 70.77 ആയിരുന്നു. എന്നാല്‍ ഇത്തവണ ശതമാനം 72.12 ആയി ഉയര്‍ന്നു. പോളിങ് ശതമാനത്തിലെ വര്‍ധനവ് ഭൂരിപക്ഷം കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് നേതൃത്വം. 2016ല്‍ കുഞ്ഞാലിക്കുട്ടി നേടിയത് 72181 വോട്ടുകളാണ്. ഇത്തവണ ഖാദറിന് ലഭിച്ചതാകട്ടെ 65227 വോട്ടും.
യുഡിഎഫിന്റെ വോട്ട് ചോര്‍ച്ചയില്‍ ലാഭമുണ്ടാക്കിയത് എസ്ഡിപിഐയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിവോട്ടാണ് എസ്ഡിപിഐ നേടിയത് 8648. വേങ്ങരയില്‍ ലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണങ്ങള്‍ ഫലപ്രഖ്യാപനത്തോടെ സത്യമായി മാറുകയാണ്. എആര്‍ നഗര്‍, ഊരകം, ഒതുക്കുങ്ങല്‍, വേങ്ങര, കണ്ണമംഗലം, പറപ്പൂര് എന്നീ പഞ്ചായത്തുകളില്ലെല്ലാം ലീഗിന് വോട്ട് കുറഞ്ഞു. എന്നാല്‍ ഇവിടങ്ങളിലെല്ലാം നേട്ടമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന് ലഭിച്ചത് 34124 വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ 41917 വോട്ടുകള്‍ ബഷീര്‍ സ്വന്തമാക്കി. മറ്റ് വോട്ടുനില ഇങ്ങനെ എസ്ഡിപിഐ- 8648, ബിജെപി- 5728, ലീഗ് വിമതന്- 442, നോട്ട- 502.
ഇന്നലെ രാവിലെ എട്ടിന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ നടന്നത്. എആര്‍ നഗര്‍ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. തുടക്കത്തില്‍ ശക്തമായ മുന്നേറ്റമാണ് ഖാദര്‍ കാഴ്ചവെച്ചത്. പക്ഷേ പിന്നീട് മുന്നേറ്റം മന്ദഗതിയിലാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: