സ്വന്തം ലേഖകന്‍
പരപ്പനങ്ങാടി: സര്‍ക്കാര്‍ ലോട്ടറികളുടെ വില കുറച്ചിട്ടും സമാന്തര ലോട്ടറി മാഫിയ കൊഴുക്കുന്നു. ജില്ലയിലെ ചെറിയ കവലകളില്‍ പോലും എഴുത്തു ലോട്ടറി സ്റ്റാളുകള്‍ സജീവമാകുന്നു. സര്‍ക്കാര്‍ ലോട്ടറികള്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യമായും എഴുത്ത് ലോട്ടറി കച്ചവടമാണ് കാര്യമായി നടക്കുന്നത്. ഭാഗ്യപരീക്ഷണത്തിനെത്തുന്ന സാധാരണക്കാര്‍ എഴുത്ത ലോട്ടറിയിലാണ് ആകൃഷ്ടരാകുന്നത്
ഒറ്റ നമ്പര്‍ എഴുതാന്‍ പത്തു രൂപയെ ചിലവ് വരൂയെന്നതിനാലാണ് കൂലിപ്പണിക്കാരടക്കം സര്‍ക്കാര്‍ ലോട്ടറിയെ കൈയ്യൊഴിയുന്നത്. എഴുത്ത് ലോട്ടറി വ്യാപകമായതിനാലാണ് ഭാഗ്യക്കുറികളുടെ വില കുറച്ചത്. സര്‍ക്കാര്‍ ലോട്ടറിയില്‍ സമ്മാനം ലഭിച്ചാല്‍ തന്നെ നികുതി പിടിച്ചു കഴിഞ്ഞാല്‍ ഏതാണ്ട് 63 ശതമാനം തുക മാത്രമേ സമ്മാനാര്ഹന് ലഭിക്കുന്നുള്ളൂ. എന്നാല്‍ തുണ്ടുകടലാസില്‍ എഴുതി നല്കുന്ന മൂന്നക്ക നമ്പര്‍ സര്‍ക്കാര്‍ ലോട്ടറി ഫലത്തില്‍ ഉണ്ടെങ്കില്‍ സമ്മാനാര്ഹന് ഉടനെ നല്‍കുമെന്നതിനാലാണ് അന്യസംസ്ഥാന തൊഴിലാളികളടക്കം എഴുത്തു ലോട്ടറി എടുക്കുന്നത്.
തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും മറ്റും കയറിയിറങ്ങി സര്‍ക്കാര്‍ ലോട്ടറി വില്പ്പനക്കൊപ്പമാണ് എഴുത്തുപരിപാടിയും നടത്തുന്നത്. അധികം അദ്ധ്വാനമില്ലാത്ത തൊഴിലായതിനാല്‍ യുവാക്കളില്‍ പലരും എഴുത്ത ലോട്ടറിക്കട തുടങ്ങുകയാണ്.
സര്‍ക്കാര്‍ ഭാഗ്യക്കുറി ഫലത്തിന് സമാന്തരമായി പ്രത്യേക നറുക്കെടുപ്പില്ലാതെ നടത്തുന്ന ഈ അനധികൃത പരിപാടിയില്‍ ലക്ഷങ്ങളുടെ ഇടപാടുകളാണ് നടക്കുന്നത്. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ലോട്ടറിയിനത്തില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്നതെങ്കിലും വര്‍ഷങ്ങളായി നടക്കുന്ന ഈ മാഫിയ ചൂതാട്ടത്തിനെതിരെ മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് ഇതുവരെയുള്ള വാസ്തവം.
ഭാഗ്യക്കുറി വകുപ്പിലെ തന്നെ ചിലരുടെ ഒത്താശയോടെയും കണ്ണൂര്‍ കേന്ദ്രീകൃത ലോട്ടറി മാഫിയയുമാണ് എഴുത്ത് ലോട്ടറിക്ക് പിന്നില്‍ എന്നതിനാലാണ് സര്‍ക്കാര്‍ നടപടികളുണ്ടാക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: