വേങ്ങര: മുന്നണികളുടെ അവകാശവാദങ്ങള്‍ ശരിവെച്ചുകൊണ്ട് വേങ്ങരയില്‍ പോളിംങ് ശതമാനത്തില്‍ നേരിയ വര്‍ധനവ്.
തുടക്കത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നെങ്കിലും 71.2 ശതമാനത്തിലാണ് പോളിംങ് അവസാനിച്ചത്. രാവിലെ കൃത്യം ഏഴിന് പോളിംങ് ആരംഭിച്ചു. പക്ഷേ മന്ദഗതിയിലായിരുന്നും പോളിംങ് നടന്നത്. വൈകിട്ട് നാലുമണിക്കും 57 ശതമാനം മാത്രമായിരുന്നു. പോളിംങ് കുറയുമെന്ന തിരിച്ചറിവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അവസാനവട്ട രക്ഷാപ്രവര്‍ത്തനമാണ് 71ലേക്ക് ശതമാനം ഉയര്‍ത്തിയത്. അവസാന രണ്ടുമണിക്കൂറിലാണ് 15 ശതമാനം വോട്ട് രേഖപ്പെടുത്തിയത്. കണ്ണമംഗലം, പറപ്പൂര്, ഒതുക്കുങ്ങല്‍, വേങ്ങര, എആര്‍ നഗര്‍, ഊരകം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വേങ്ങരയില്‍ ആകെ 7750 പുരുഷന്മാരും 82259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.
ആറ് പഞ്ചായത്തുകളിലായി 17 ഓക്സിലറി ബൂത്തുകളടക്കം 165 ബൂത്തുകള്‍ ഒരുക്കിയിരുന്നു. മുഴുവന്‍ ബൂത്തുകളിലും വിപി പാറ്റി മെഷീന് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ സംസ്ഥാനത്തെ ആദ്യ മണ്ഡലമെന്ന ബഹുമതിയും വേങ്ങര നേടിയെടുത്തു.
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25ന് രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 15നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ.ജനചന്ദ്രന് മാസ്റ്റര്‍(എന്‍ഡിഎ), അഡ്വ.കെ.എന്‍.എ.ഖാദര്‍(യുഡിഎഫ്), അഡ്വ.പി.പി.ബഷീര്‍(എല്‍ഡിഎഫ്) എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും രണ്ട് സ്വതന്ത്രന്മാരടക്കം ആറ് സ്ഥാനാര്‍ത്ഥികളുടെ ജനവിധി ഇന്നലെ കുറിച്ചു. 15ന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: