മലപ്പുറം: കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രക്കെതിരെ സിപിഎം കള്ളപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം കണ്ട് വിറളിപൂണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് സമനില തെറ്റിയിരിക്കുകയാണ്. സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയം ദേശീയ ശ്രദ്ധ നേടിയത് നേതാക്കള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുന്നു. ഏഴ് വയസ്സ് പ്രായമായ കുഞ്ഞുമുതല്‍ അമ്മൂമമാര് വരെ പീഡിപ്പിക്കപ്പെടുന്നു. ഇതൊക്കെ വിസ്മരിച്ചുകൊണ്ടാണ് സിപിഎം ബിജെപിക്കെതിരെ സംസാരിക്കുന്നത്. അമിത്ഷാ പിണറായിയിലൂടെയുള്ള യാത്രയില്‍ പങ്കെടുക്കാത്തത് ഔദ്യോഗികമായ തിരക്കുള്ളതുകൊണ്ടാണ്. അതിന് മറ്റൊരു വ്യാഖ്യാനം കണ്ടെത്തുന്നത് സിപിഎമ്മിന്റെ ഗതികേടുകൊണ്ടാണ്. കൊലപാതക കേസുകളില്‍ ഒന്നാംപ്രതികളായ പിണറായി വിജയനെയും, കോടിയേരി ബാലകൃഷ്ണനെയും കേരളീയരെപ്പോലെ തന്നെ തങ്ങള്‍ക്കും ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: