കാസര്‍കോട്: ജനരക്ഷായാത്രയില്‍ കാസര്‍കോട് നിന്ന് പങ്കെടുത്ത വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമ സംഭവങ്ങളിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. വിവിധ സിപിഎം കേന്ദ്രങ്ങളില്‍ വെച്ചാണ് 51 വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പി.കരുണാകരന് എം.പിയുടെ വീടിന് മുന്നില്‍ വെച്ചാണ് ആദ്യ സംഭവം. രാവിലെ സംഭവം നടക്കുമ്പോള്‍ പോലീസ് സമീപത്ത് ഉണ്ടായിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ബിജെപി പ്രവര്‍ത്തകരും വാഹനങ്ങളും അക്രമിക്കപ്പെടുമ്പോള്‍ മിക്കവാറും സംലങ്ങളില് സമീപത്ത് തന്നെയുണ്ടായിരുന്ന പോലീസ് അക്രമികളെ പിടികൂടാനോ തടയാനോ ശ്രമിച്ചിട്ടില്ല. പരിക്കേറ്റ് ആശുപത്രിയില്‍ ചികിതിസയില്‍ കഴിയുന്നവരുടെ പരാതിയില്‍ പോലും കേസെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നിന്റെ പേരില്‍ സ്വമേധയാ കേസെടുത്തതിലൂടെ പോലീസ് സിപിഎമ്മിനോടുള്ള വിധേയത്വം സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായിട്ട് സിപിഎം പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വെല്ലുവിളികളും പ്രകോപനങ്ങളും നടത്തിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തിട്ടില്ല. സിപിഎം മുഖപത്രത്തിന്റെ വാട്സപ്പ് ഗ്രൂപ്പിലൂടെ ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാനുള്ള ആഹ്വാനം നല്കി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. സിപിഎമ്മും പോലീസും ചേര്‍ന്ന് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: