പരപ്പനങ്ങാടി: ഒട്ടേറെ ദീര്‍ഘദൂര ബസുകളടക്കം സര്‍വീസ് നടത്തുന്ന ചമ്രവട്ടം-കാലിക്കറ്റ് യൂണിവേഴ്സിറ്റി റൂട്ടിലെ ചെട്ടിപ്പടി ലെവല്‍ ക്രോസ് വീണ്ടും തകരാറിലായി. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഗേറ്റ് കടന്നു പോവുകയായിരുന്ന എയ്സ് ചരക്കുവാഹനത്തിന്റെ പുറത്തേക്ക് തള്ളി നിന്ന കമ്പി ലെവല്‍ ക്രോസില്‍ കൊളുത്തി വലിച്ചാണ് ഗേറ്റ് തകരാറിലായത്. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് ഈ റെയില്‍വേ ഗേറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങുന്നത് പതിവായിരിക്കുകയാണ്. തയ്യിലക്കടവ് വഴി പരപ്പനങ്ങാടി വരെയുള്ള ബസുകള്‍ ചെട്ടിപ്പടിയില്‍ സര്‍വീസ് നിര്‍ത്തി. തൃശ്ശൂര്‍, ഗുരുവായൂര്‍, എറണാകുളം ഭാഗത്തേക്കുള്ള ദീര്‍ഘദൂര ട്രാന്‍സ്പോര്‍ട്ട് ബസുകളടക്കം വഴിമാറി പുത്തരിക്കല്‍-കുട്ടൂമൂച്ചി വഴിയാണ് സര്‍വീസ് നടത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഏറെ വാഹന തിരക്കുള്ള റൂട്ടിലെ റെയില്‍വേ ഗേറ്റിന്റെ അടിക്കടിയുള്ള തകരാര്‍ ദുരിതമാവുകയാണെന്ന് നാട്ടുകാരും യാത്രക്കാരും പരാതിപ്പെടുന്നു. ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് അനുമതിയായിട്ടുണ്ടെങ്കിലും പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: