കാസര്‍കോട്: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ 24വരെ ജില്ലയിലെ ഒന്‍പത് മാസത്തിനും 15 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും നല്കുന്ന മീസില്‍സ്-റൂബെല്ലാ പ്രതിരോധകുത്തിവെപ്പുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പറഞ്ഞു. മീസില്‍സ് -റൂബെല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ആരോഗ്യസംവിധാനങ്ങളും അങ്കണവാടികളും മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ മരുന്ന് നല്‍കിയെന്ന് ഉറപ്പുവരുത്തണം. വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്മാര് ഇക്കാര്യം ഉറപ്പുവരുത്തണം. മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കും ഈ അധിക ഡോസ് നല്‍കണം. ഒറ്റ വാക്സിന് കൊണ്ട് രണ്ടു രോഗങ്ങളെ തുരത്താം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പ്രതിരോധ പരിപാടി ഒക്ടോബര്‍ മൂന്നു മുതല്‍ 24 വരെ നടക്കും. അഞ്ചാം പനി-മീസില്‍സ് ന്യുമോണിയ, വയറിളക്കം, ജീവനു ഭീഷണിയായേക്കാവുന്ന മറ്റു തകരാറുകള്‍ എന്നിവയ്ക്കും ഗര്‍ഭകാലത്തുണ്ടാകുന്ന റൂബെല്ല കുഞ്ഞുങ്ങള്‍ക്ക് അന്ധത, ബധിരത, ബുന്ദിമാന്ദ്യം, ഹൃദ്രോഗം എന്നിവക്ക് കാരണമാകാറുണ്ട്. ഇവയെ പ്രതിരോധിക്കുന്നതിനാണ് കുട്ടിക്ക് സമ്പൂര്‍ണ്ണ പ്രതിരോധമരുന്ന് നല്‍കുന്നത്. ജില്ലയില്‍ 3,21,309 കുട്ടികള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: