കുമ്പള: ഹാദിയ എന്ന അഖില അവകാശ ലംഘനം നേരിടുന്നുവെന്നതിന്റെ പേരില്‍ വനിതാ കമ്മീഷന് കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവ സുരക്ഷാ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീഷണിക്ക് വഴങ്ങി നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാകേണ്ടി വന്ന ആതിരയെ ഫോ ണ് വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും വനിതാ കമ്മീഷന് തയ്യാറായില്ല. ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷന് രാഷ്ട്രീയ മത വിവേചനം കാണിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇതിലൂടെ അധികാര ദുരുപയോഗമാണ് നടക്കുന്നത്. കേരളത്തില്‍ ആര്‍ക്കും സുരക്ഷിതത്വം ഇല്ലാതായിരിക്കുന്നു. കോടതി ഉത്തരവ് പ്രകാരം പക്ഷം ചേരേണ്ട കാര്യം വനിതാ കമ്മീഷന് ഇല്ല. ഹാദിയ അവകാശ ലംഘനം നേരിടുന്നുവെന്ന കാരണം പറഞ്ഞ് വനിതാ കമ്മീഷന് ഇടപെടണമെന്ന് പറയുന്ന സ്ത്രീ സംഘടനകള്‍ എന്തുകൊണ്ട് ആതിരയുടെ നിര്‍ബന്ധിത മതംമാറ്റത്തിന് കാരണമായ സംഭവത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ലെന്നും ശ്രീകാന്ത് ചോദിച്ചു.
യോഗത്തില്‍ സുരേഷ് വാണി നഗര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി, ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, എസ് സി-എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ.കയ്യാര്‍, കെ.മഹേഷ്, സന്തോഷ് ദൈഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു. സീതാംഗോളിയില്‍ നിന്നാരംഭിച്ച പദയാത്ര വൈകുന്നേരം പെര്‍ളയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: