പൊന്നാനി: ചമ്രവട്ടം ജലസംഭരണിയോട് ചേര്‍ന്ന് നിര്‍മിച്ച പുഴയോര സ്നേഹപാത കാടുമൂടി നശിക്കുന്നു. പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍ പലതും തകര്‍ന്നു തുടങ്ങി. സമീപത്തെ വീട്ടുകാര്‍ വിറക് ഉണക്കുന്നത് നടപ്പാതയിലാണ്.
അലങ്കാര വിളക്കുകള്‍ മേഷണം പോയി. ഇരിപ്പിടങ്ങള്‍ പലതും സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത നിലയിലാണ് മദ്യപന്മാരുടെ വിളയാട്ടമാണ് പകലും രത്രിയിയും. ചമ്രവട്ടം ജലസംഭരണിയോട് ചേര്‍ന്ന് ഒരു കിലോ മീറ്റര്‍ ദൂരത്തിലാണ് പുഴയോര സ്നേഹപാത നിര്‍മ്മിച്ചിട്ടുള്ളത്. എംഎല്‍എ ഫണ്ടില്‍ നിന്ന് 2.50 കോടി രൂപയും, ജലസേചന വകുപ്പിന്റെ ഒരു കോടി രൂപയും ചേര്‍ത്താണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സ്നേഹപാത ഡിടിപിസി നേരത്തേ ഏറ്റെടുത്തിരുന്നു.
ഇതിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പ് ജില്ലാ ടൂറിസം വകുപ്പ് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിലവില്‍ ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല. മിനുക്കു പണികള്‍ അവശേഷിക്കുകയാണ്. അതിനിടയിലാണ് കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നശിക്കുന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതെന്ന് മാസങ്ങള്‍ മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. പ്രവേശന കവാടം, ഒപ്പണ്‍ സ്റ്റേജ്, ഗാലറി, ക്ലോക്ക് ടവര്‍, മഴക്കാടുകള്‍, അലങ്കാര ബെഞ്ചുകള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ പലതും നിലവാരം കുറഞ്ഞ വസ്തുകള്‍ കൊണ്ട് നിര്‍മ്മിച്ച കാരണത്താല്‍ നേരത്തെ തന്നെ നശിച്ച് തുടങ്ങിയ നിലയിലായിരുന്നു.
പാതയുടെ ഭാഗമായി പുഴക്ക് സമാന്തരമായി ഒരു കിലോമീറ്റര്‍ നീളത്തില്‍ ടൈല്‍സ് പാകി നടപ്പാത ഒരുക്കിയിട്ടുണ്ട്. 10 ലക്ഷം രൂപ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വന്‍ ടൂറിസം സാധ്യതകളാണ് ഇവിടെയുള്ളത്. ജലസംഭരണിയില്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ് അടക്കമുള്ളവ ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു. ചമ്രവട്ടം പാലത്തോട് ചേര്‍ന്ന് തൃപ്പങ്ങോട് പഞ്ചായത്തിന്റെ ഭൂമിയിലാണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവനായി പൂര്‍ത്തിയാക്കാനോ പൂര്‍ത്തിയാക്കിയവ ശരിയായ രീതിയില്‍ സംരക്ഷിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: