കൊളത്തൂര്‍: മങ്കട ഗവ.കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. താല്‍ക്കാലികമായി ക്ലാസുകള്‍ നടക്കുന്ന മദ്രസ്സ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മറ്റി രംഗത്തെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായി. കൊളത്തൂര്‍-മൂര്‍ക്കനാട് റോഡിലാണ് കോളേജിനായി കെട്ടിടം നിര്‍മ്മിക്കുന്നത്.
ഭീമമായ തുക കുടിശ്ശിക ഇനത്തില്‍ കിട്ടാനുള്ള സാഹചര്യത്തില്‍ നിര്‍മ്മാണം ഏറ്റെടുത്ത കമ്പനി പണി നിര്‍ത്തിവെക്കുകയായിരുന്നു.
മൂര്‍ക്കനാട് പഞ്ചായത്തിലെ തേനാപറമ്പിന് സമീപമുള്ള കുന്നിന് മുകളിലാണ് നാല് കോടിയിലധികം രൂപ ചിലവിട്ട് കെട്ടിടം നിര്‍മ്മിക്കാന്‍ തുടങ്ങിയത്.
65 ശതമാനം നിര്‍മാണം ബാക്കി നില്‍ക്കെയാണ് നിര്‍മ്മാണ കമ്പനിയായ കിറ്റ്കോ കണ്‍സ്ട്രക്ഷന്‍ പണി നിര്‍ത്തിവെച്ചത്.
സംസ്ഥാന സര്‍ക്കാരിന്റേയും ധനകാര്യ വകുപ്പിന്റെയും പുതിയ നയങ്ങളാണ് നിര്‍മാണ കമ്പനിക്ക് ഫണ്ട് അനുവദിക്കുന്നതില്‍ തടസ്സമുണ്ടാക്കുന്നത്.
ഫണ്ട് അനുവദിക്കാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കമ്പനി.
2014 ല്‍ രണ്ടുവര്‍ഷത്തെ കരാറില്‍ കൊളത്തൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള മദ്രസ്സയിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും പ്രവര്‍ത്തനം ആരംഭിച്ച കോളേജ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് മദ്രസ്സ അധികൃതര്‍ കോളേജുമായി ബന്ധപ്പെട്ടവര്‍ക്ക് ഉടനെ ക്ലാസുകള്‍ മാറ്റി സ്ഥാപിക്കാന്‍ കത്തു കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: