കാസര്‍കോട്: നീലേശ്വരം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമരവുമായി രംഗത്ത് വന്ന എംപിയും സിപിഎം നേതൃത്വവും പ്രതിക്കൂട്ടിലാകുന്നു. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത ആലോചന യോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. യോഗത്തില്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതാവ് ഇബ്രാഹിം പറമ്പത്തിനെതിരെ പാര്‍ട്ടി തല നടപടിയെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിനെ കൂട്ട് പിടിച്ച് ജനകീയ സമരമെന്ന മറനല്‍കി ആളാകാനുള്ള എംപിയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് ലീഗ് നേതൃത്വം നല്‍കിയിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി നേതൃത്വം നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പാല നിര്‍മ്മാണം ആരംഭിക്കാനുള്ള പ്രാരംഭ നടപടി ക്രമങ്ങള്‍ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്. സ്ഥലമേറ്റെടുത്ത് നല്‍കേണ്ട സംസ്ഥാന സര്‍ക്കാറാകട്ടെ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. യുപിഎ സര്‍ക്കാറില്‍ എംപി യുടെ പാര്‍ട്ടി അംഗമായിരുന്നിട്ടും 13വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും സ്വന്തം വീട്ടിന് മുന്നിലുള്ള മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിയാത്തയാളാണ് കരുണാകരന് എംപിയെന്ന് സിപിഎം അണികള്‍ തന്നെ പറയുന്നു.
എത്രയും പെട്ടെന്ന് പദ്ധതി പുര്‍ത്തിയാക്കി ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്തുണ നല്‍കാനല്ല സ്ഥലം എംപി ശ്രമിക്കുന്നത്. പകരം അന്തമായ രാഷ്ട്രീയ വിരോധം മൂലം കണ്ണ് മഞ്ഞളിച്ചു പോയ എംപി യും സിപിഎം നേതൃത്വവും സമര നാടകവുമായി രംഗത്ത് വന്ന് ജനങ്ങളെ വിഡികളാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എംപിയുടെ പ്രവര്‍ത്തന മികവാണെന്ന് പറഞ്ഞ് നാടുനീളെ ഫഌക്സ് സ്ഥാപിക്കുക മാത്രമാണ് സിപിഎം ചെയ്തത്.
സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലം പണിയാരംഭിക്കാത്തതിനാല് ജനങ്ങളുടെ ചോദ്യത്തിനുത്തരം പറയാനാകാതെ എംപി ഉരുളുകയാണ്. ഇതിന്റെ ജാള്യത മറച്ചുവയ്ക്കാറാണ് എംപി യുടെ സമര പ്രഖ്യാപന നാടകം. താന്‍ നടത്തിയ സമരത്തിന്റെ ഭാഗമായിട്ടാണ് മേല്‍പ്പാലമെന്ന് വീണ്ടും പോസ്റ്ററുകള്‍ ഒട്ടിക്കാനുള്ള രാഷ്ട്രീയ പാപ്പരത്വമാണ് എംപി യുടെ ശ്രമങ്ങളെന്ന് സ്വന്തം അണികള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ നീലേശ്വരത്തുള്ള വിഭാഗീയതയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്ന് ആക്ഷേപമുണ്ട്.
എംപി യുടെ നാട്ടില്‍ ലോക്കല്‍ കമ്മറ്റിയോഗങ്ങള്‍ പോലും വിഭാഗീയതയുടെ ഭാഗമായി വിളിച്ചു ചേര്‍ക്കാനാകാതെ നട്ടം തിരിയുകയാണ് സിപിഎം നേതൃത്വം. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംപി പ്രഖ്യാപിച്ച സമരം സിപിഎം നേതൃത്വവുമായി ആലോചിക്കാതെയാണെന്ന് ഒരു വിഭാഗം പറയുന്നു. എംപി യുടെ ഈ സ്വയം പ്രഖ്യാപിത നാടകത്തിനെതിരെ പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നീലേശ്വരം വീണ്ടും സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: