കാസര്‍കോട്: ശ്രീനാരായണ ഗുരുദേവനെ ഒരു ഹിന്ദു സന്യാസിയായോ നവോത്ഥാന നായകനായോ കാണാതെ ഗുരുദേവനെ ഈശ്വരീയ ഭാവത്തില്‍ കാണാന്‍ ശ്രമിക്കണമെന്ന് പാലക്കുന്ന് ശ്രീ ഭഗവതു ക്ഷേത്രസ്ഥാനികന് കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് അയിത്താര് പറഞ്ഞു. ആരെയും മതംമാറ്റാതെ അവനവന്റെ മതത്തില്‍ നിന്നു കൊണ്ട് തന്നെ ഈശ്വരീയ സാക്ഷാത്കാരം നേടുവാന്‍ ഉപദേശിച്ചത് ഗുരുദേവന് മാത്രമാണ്.
എസ്എന്‍ഡിപി യോഗം കുഡ്ലു ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന് ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുജയന്തിയാഘോഷ സ്വാഗത സംഘം ചെയര്മാന് എന്‍.സതീഷ് അദ്ധ്യക്ഷത വഹിച്ചു. കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂളില്‍ നിന്ന് എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് വാങ്ങി കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സമുദായ അംഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പും വിതരണം ചെയ്തു. യോഗം യൂണിയന് സെക്രട്ടറി ഗണേഷ് പാറക്കട്ട, ഡയറക്ടര്‍ പി.കെ.വിജയന്, കൗണ്‍സിലര്‍ വെള്ളുങ്കന്, ശ്രീ ഭഗവതി സേവാസംഘം കൃഷ്ണന് കുഡ്ലു, കുമാരി അമൃത, ചന്ദ്രശേഖരന് പാറക്കട്ട തുടങ്ങിയവര്‍ സംസാരിച്ചു.
ബന്തടുക്ക: എസ്.എന്‍.ഡി .പി.യോഗം ഉദുമ യൂണിയന് ബന്തടുക്ക കരിവേടകം ശാഖയുടെ നേതൃത്വത്തില്‍ ചതയ ദിനം വിപുലമായി ആഘോഷിച്ചു. പ്രേമാനന്ദ സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഗുരു അവതാര ഗുരുപൂജ, ഗണപതിഹോമം, സമൂഹ ഗുരുപൂജകള്‍ നടന്നു. ശാഖാ പ്രസിഡണ്ട് എം.എന്‍ ഗോപി പതാക ഉയര്‍ത്തി. നൂറ് കണക്കിന് നാരായണീയരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശോഭായാത്ര നടന്നു. ജയന്തി സമ്മേളനം യൂണിയന് സെക്രട്ടറി കെ.ജയാനന്ദന് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ്’ ഹോസ്ദുര്‍ഗ്ഗ് മേഖലപ്രസിഡണ്ട് ദിലീഷ് മുഖ്യാതിഥിതിയും കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതീ ക്ഷേത്രം പ്രസിഡണ്ട് മധുസൂദനന് വിശിഷ്ഠാതിഥിയുമായി. ദാമോദരന്‍ പാലാര്‍ പ്രാര്‍ത്ഥനാ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.
എസ്.എല്‍.എല്‍.സി. പ്ലസ് ടു, ഡിഗ്രി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. പഞ്ചായത്തംഗം രഞ്ജിനി അനി, കുറ്റിക്കോല്‍ ശാഖാ പ്രസിഡണ്ട് രാമന് പണ്ഡാരവളപ്പ്, ശാഖാ ഭാരവാഹിയായ ശശിധരന് മോളത്ത്, ഗ്രന്ഥാലയം പ്രസിഡണ്ട് പി.എം.രാമകൃഷ്ണന്, മൈക്രോ ഫിനാന്‍സ് ജനറല്‍ കണ്‍വീനര്‍ ശ്യാമളശശിധരന്, ജോയന്റ് കണ്‍വീനര്‍ വിലാസിനി മാധവന്, ആഘോഷ കമ്മറ്റി ചെയര്മാന് ഷാജി: കെ.എ., സെക്രട്ടറി ഷാജു രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: