കാസര്‍കോട്: കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ രാവിലെയുണ്ടായ അപ്രതീക്ഷിത വൈദ്യുതി തടസ്സത്തില്‍ പ്രതിഷേധിച്ച് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു. ഓണം പോലുള്ള ഉത്സവ സീസണുകളില്‍ വൈദ്യുതി തടസ്സം ഉണ്ടാക്കുകയില്ലെന്നും അഥവാ ലൈന്‍ ഓഫാക്കേണ്ടി വന്നാല്‍ മുന്‍കൂട്ടി ജനങ്ങളെ ആ വിവരം അറിയിക്കുമെന്നായിരുന്നു വകുപ്പ് പറഞ്ഞിരുന്നത്. പക്ഷെ യാതൊരു അറിയിപ്പും നല്‍കാതെയാണ് ഓണത്തിന് ഒരു ദിവസം മാത്രം അവശേഷിക്കവെ മണിക്കൂറുകളോളം വ്യാപാരികളെയും മറ്റും ദുരിതത്തിലാക്കി മുഴുവന്‍ ലൈനുകളും ഓഫാക്കിയത്. നിരവധി തവണ ജനങ്ങള്‍ കെ.എസ്.ഇ.ബി ഓഫീസുകളുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി നല്കാന് അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്.
സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തിരിച്ചറിഞ്ഞ ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ അത്യാവശ്യ പ്രവൃത്തികള്‍ നടത്താനും മറ്റുള്ളവ നിര്‍ത്തിവെയ്ക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നഗരത്തിലും മറ്റും വൈദ്യുതിബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധത്തിന് ബിജെപി കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍മാരായ കെ.ജി.മനോഹരന്, ശ്രീലത, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന് മധൂര്‍, മണിനിലക്കള, സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: