കാസര്‍കോട്: കനത്ത മഴയില്‍ രാത്രിയില്‍ വീട് തകര്‍ന്നപ്പോള്‍ ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബോവിക്കാനത്ത് മല്ലംവാര്‍ഡിലെ അമ്മങ്കോട് പവിത്രന്റെ വീടാണ് രാത്രിയില്‍ തകര്‍ന്നു വീണത്. വീട് തകര്‍ന്ന് വീണ് ഡിഗ്രി വിദ്യാര്‍ത്ഥിക്ക് സാരമായ പരിക്കേറ്റു. അമ്മയും സഹോദരിയും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പവിത്രന്റെ മകനും കാസര്‍കോട് ഗവ. കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അനില്‍കുമാര്‍ എന്ന അപ്പുവി(17)നാണ് പരിക്കേറ്റത്. അമ്മ പവിത്രി(45), സഹോദരി അനുശ്രീ (16) എന്നിവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഓടു പാകിയ വീടിന്റെ മേല്‍ക്കൂര ഭാഗം പൂര്‍ണ്ണമായും തകര്‍ന്നുവീണു. കിടപ്പുമുറിയിലെ മേല്‍ക്കൂര ഭാഗം ദേഹത്ത് വീണാണ് അനിലിന് പരിക്കേറ്റത്. തലക്കും മുഖത്തിനും മുറിവേറ്റിട്ടുണ്ട്. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന പവിത്രിയും അനുശ്രീയും വീട് തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ബി.സി.കുമാരന്, പി. ജയകൃഷ്ണന് മാസ്റ്റര്‍, വേണുകുമാര്‍ മാസ്റ്റര്‍, മാധവന് നമ്പ്യാര്‍, കൃഷ്ണന് ചേടിക്കാല്‍, പ്രകാശ് കോട്ടൂര്‍, രമണന്ചിപ്പിക്കായ, മനോജ് എന്നിവര്‍ പരിക്കേറ്റ അനില്‍കുമാറിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: