കാസര്‍കോട്: എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് ഭരണ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന് പിന്തുടരുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന് മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്ന പക്വതയില്ലാത്ത വാക്കുകളാണ് അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് കേരളത്തില്‍ അക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രധാന ഘടകകക്ഷിയായ സിപിഎം തന്നെയാണ് പറഞ്ഞത്. അനുഭവത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കാത്ത സിപിഎം തെറ്റ് ആവര്‍ത്തിക്കുകയാണ്. മന്ത്രിമാര്‍ തന്നെ മന്ത്രി സഭയായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കെരളത്തില് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ശ്രിശന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ്, വൈസ് പ്രസിഡണ്ട് പ്രമീള സി.നായക്, ഉത്തരമേഖലാ സംഘടനാ സെക്രട്ടറി കൂ.വൈ.സുരേഷ്, ദേശീയ സമിതിയംഗം എം.സജ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗം പി.സുരേഷകുമാര് ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, പി.രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: