കാഞ്ഞങ്ങാട്: പൊതുമേഖല സ്ഥാപനമായ തൃശ്ശൂരിലെ ശ്രീധര ടെക്സ്റ്റെയില്‍സ് മില്ലില്‍ ജോലി മോഹിച്ചെത്തിയ നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിരാശരായി മടങ്ങി. മില്ലിലെ 51 അപ്രന്റിസ് തസ്തികയില്‍ നിയമനം നടത്തുന്നതായി എംപ്ലോയ്മെന്റ് മുഖേന കത്ത് ലഭിച്ച ഉദ്യോഗാര്‍ത്ഥികളാണ് വഞ്ചിതരായത്.
കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മാത്രം നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഇന്റര്‍വ്യൂവിനായി ഇന്നലെ രാവിലെയെത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തൃശ്ശൂരിലാണ് നിയമനം നല്‍കുക. തുടക്കത്തില്‍ ദിനംപ്രതി 150 രൂപ ആറു മാസക്കാലവും പിന്നീടുള്ള ആറ് മാസം 180 രൂപയും സ്റ്റൈപെന്റ് നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. രണ്ടു വര്‍ഷത്തിന് ശേഷം ജോലിയിലെ മികവ് അനുസരിച്ച് സ്ഥിരം നിയമനവും നല്‍കും.
പരിശീലന കാലത്ത് ഭക്ഷണം താമസം ഉള്‍പ്പെടെ സ്വയം വഹിക്കുകയും വേണം. എന്നാല്‍ ഇത്തരം വ്യവസ്ഥകളറിയാതെ ന്യായമായ ശമ്പളത്തോടെ സ്ഥിര നിയമനം പ്രതീക്ഷിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഴുവന്‍ ഇന്നലെ രാവിലെ ഇന്റര്‍വ്യൂവിനായി ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ച ഇന്റര്‍വ്യൂ കാര്‍ഡില്‍ ഇത്തരം കാര്യങ്ങള്‍ രേഖപ്പെടുത്താത്തതാണ് കൂലിവേലയും ഒഴിവാക്കി ഇന്റര്‍വ്യൂവിനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിക്കപ്പെട്ടത്. ഇന്റര്വ്യൂവിനെത്തിയവര് രോക്ഷാകുലരായി ശകാരവര്‍ഷം ചൊരിഞ്ഞാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: