കാസര്‍കോട്: പനി നോക്കാന്‍ തെര്‍മോമീറ്റര്‍ പോലുമില്ലാതെ കാസര്‍കോട് ജനറല്‍ ആശുപത്രിലെത്തുന്നവര്‍ നേരിടേണ്ടി വരുന്ത് അവഗണന മാത്രം. ഡോക്ടര്‍മാര്‍ പനി പരിശോധിക്കുന്ന ഉപകരണത്തിന്റെ സഹായമില്ലാതെയാണ് മരുന്നു കുറിച്ച് കൊടുക്കുന്നതെന്ന പരാതി വ്യാപകമാകുന്നു. പനിയുടെ അളവ് കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ രോഗികളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി കൂടി പലരും ന്യൂമോണിയ പിടിപെടുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തുന്ന സ്ഥിതി വിശേഷമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
കഴിഞ്ഞ ദിവസം രാത്രി ഒ.പി വിഭാഗത്തില്‍ പനിയുമായെത്തിയ ഒരാള്‍ക്ക് യാതൊരു പരിശോധനയും നടത്താതെയാണ് ഡോക്ടര്‍ മരുന്നു കുറിച്ചു കൊടുത്തത്. രോഗി ഇക്കാര്യം ചോദിച്ചെങ്കിലും ആശുപത്രിയില്‍ പനി പരിശോധിക്കാനുള്ള ഉപകരണം കേടായിരിക്കുകയാണെന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. പ്രതിദിനം 1000 നും 1200 നും ഇടയിലാണ് ഒ.പി വിഭാഗത്തില്‍ മാത്രം രോഗികളെത്തുന്നത്. ഉച്ചയ്ക്കു ശേഷം കാഷ്വാലിറ്റിയില്‍ മാത്രമാണ് പരിശോധന. ഇത്രയും രോഗികളെ പരിശോധിക്കാന്‍ കുറഞ്ഞത് അഞ്ചിലേറെ തെര്മോമീറ്ററെങ്കിലും ആവശ്യമുള്ള സ്ഥലത്താണ് ഒരു തെര്‍മോ മീറ്റര്‍ ഇല്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. ഒരു തെര്‍മോമീറ്റര്‍ ഉണ്ടെന്നും മറ്റൊരു ഡിജിറ്റര്‍ തെര്‍മോമീറ്റര്‍ ഉണ്ടായിരുന്നത് കേടാണെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ആയിരക്കണക്കിന് രോഗികള്‍ ചികിത്സക്കെത്തുന്ന ആശുപത്രിയിലാണ് ഒരു തെര്‍മോമീറ്റര്‍ പോലും ഇല്ലെന്ന അവസ്ഥ വന്നിരിക്കുന്നത്. പാവങ്ങളുടെ ധര്മ്മാശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയാണ് ഇത് വ്യക്തമാക്കുന്നതെന്ന് രോഗികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: