കാസര്‍കോട്: ജില്ലയില്‍ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വം സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുഭാവികള്‍ക്കും നേരെ നടക്കുന്ന അക്രമണങ്ങള്‍ക്ക് വളമാകുന്നു. രാമകൃഷ്ണ മൂല്യ വധത്തിനുശേഷം സംഘപരിവാറിന് നേരെ നിരവധി ചെറുതും വലുതുമായ അക്രമണങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടി ഗൂഡാലോചനയുള്പ്പെടെയുള്ളവയില് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
ജില്ലയില്‍ നടക്കുന്ന അക്രമണങ്ങള്‍ക്ക് പിന്നില്‍ വിദേശ പണത്തിന്റെ സ്വാധീനമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും പണം ആര്‍ക്ക് എവിടേക്ക് വരുന്നുവെന്നോ, അത് ഉപയോഗിച്ച് അക്രമങ്ങള്‍ക്ക് ഗുഡാലോചന നടത്തുന്നത് ആരെന്നോ അന്വേഷിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് ഇതരുവരെ തയ്യാറായിട്ടില്ല.
നിരപരാധിയായ ഓട്ടോ റിക്ഷാ ഡ്രൈവര്‍ സന്ദീപിനെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം വെച്ച് രാത്രിയില്‍ മാരകമായി വെട്ടിക്കൊല്ലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതിനുശേഷം രാമകൃഷ്ണമൂല്യയെന്ന വ്യപാരിയെ പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്നു. ബിജെപി പ്രവര്‍ത്തകനായ രാജേഷിനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി വധിക്കാന്‍ ശ്രമിച്ചു. ഇന്നലെ ബിഎംഎസ് പ്രവര്‍ത്തകനായ ജ്യോതിഷിന് നേരെ നാലാമത്തെ വധശ്രമവും ഉണ്ടായി. മാരകമായി വെട്ടേറ്റ സന്ദീപും, രാജേഷും ഇപ്പോഴും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
അക്രമി സംഘം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ വാഹനം തടയുകയും അതില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍പ്പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമണങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനോ കേസിലെ ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടത്താനോ പോലീസ് തയ്യാറാകാത്തതാണ് ഇത്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. ബിജെപിക്കാര്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടാല്‍ ആ വ്യക്തിയുടെ മാത്രമല്ല ആ പ്രദേശത്ത് തന്നെയുള്ള മുഴുവന്‍ ഹൈന്ദവ വീടുകളിലും രാത്രിയോ പകലെന്നോയില്ലാതെ പ്രതികളെ പിടികൂടാനെന്നും പറഞ്ഞ് പോലീസ് കയറി ഇറങ്ങി സ്ത്രീകളുള്‍പ്പെടയുള്ളവരെ കയ്യേറ്റം ചെയ്ത് നരനായാട്ട് നടത്തുകയാണ് പതിവ്.
ജ്യോതിഷിന് നേരെ മൂന്ന് വധശ്രമം നടന്നപ്പോഴും പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടും പോലീസ് മിണ്ടാതിരിക്കുകയാണ് ചെയ്തത്. അന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഇന്നലെ വീണ്ടും അക്രമിക്കപ്പെടുകയില്ലായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഭരണത്തിന്റെ തണലില്‍ തഴച്ച് വളര്‍ന്ന് കൊണ്ടിരിക്കുന്ന മതതീവ്രവാദ അക്രമിസംഘങ്ങളുടെ താവളങ്ങളില്‍ പോലീസ് റെയ്ഡ് നടത്താനോ പ്രതികളെ പിടികൂടാനോ തയ്യാറാകാത്തത് അവര്‍ക്കുള്ള സ്വാധീന ശക്തിയാണ് വെളിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: