കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും മേജര്‍ ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു. സിറോ മലബാര്‍ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഴ്സുമാര്‍ക്ക് ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടത് സാമാന്യ നീതിയുടെ വിഷയമായി കാണണം.
വേതനവര്ധനവില് ബന്ധപ്പെട്ട സമിതി നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ ശമ്പളസ്കെയില്‍ പരിഷ്കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്മെന്റുകള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തില്‍ ആശുപത്രികള്‍ നടത്തുന്ന നിരവധി മാനേജ്മെന്റുകളും ഇതേ നിലപാടു സ്വീകരിക്കുന്നതാണ് ഉചിതം.
നഴ്സുമാരുടെ വേതനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം വേഗത്തില്‍ ഉണ്ടാവേണ്ടതുണ്ട്. ചെറിയ ആശുപത്രികളുടെ നടത്തിപ്പു സംബന്ധിച്ചു സര്‍ക്കാരും ബന്ധപ്പെട്ടവരും കൂട്ടായ ആലോചനകളിലൂടെ പരിഹാരം തേടണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: