പളളുരുത്തി: ചെല്ലാനത്ത് കടലാക്രമണം ശക്താമാകുന്നു. ചെല്ലാനം ആലുങ്കല്‍ കടപ്പുറം .ബസ്സാര്‍, കമ്പിനിപ്പടി എന്നിവിടങ്ങളിലാണ് കടല്‍കയറ്റം രൂക്ഷം. കടല്‍വെള്ളം ഇരച്ചു കയറിയതിനെ തുടര്‍ന്ന് വേളാങ്കണ്ണി കടപ്പുറത്തിന് സമീപം കാരപ്പറമ്പില്‍ അഗസ്റ്റിന്റെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. വീടിന് ചരിവുമുണ്ടായിട്ടുണ്ട്. പ്രദേശത്തെ നൂറോളം വീടുകള്‍ വെള്ളത്തിലാണ്.
കാളിപ്പറമ്പില്‍ അഗസ്റ്റിന്റെ വീടു നിര്‍മ്മാണത്തിനായി ശേഖരിച്ച ചരലും, മണലും കടലെടുത്തു. വീട്ടുപകരണങ്ങളും പാത്രങ്ങളുമെല്ലാം കടല്‍വെള്ളത്തില്‍ ഒഴുകിപോയി. കക്കൂസുകള്‍ പലതിലും കടല്‍മണ്ണ് നിറഞ്ഞതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ഓരോ വീട്ടുകാരും താല്‍ക്കാലിക മണല്‍ വാട തീര്‍ത്തിട്ടുണ്ടെങ്കിലും കടല്‍കയറ്റത്തില്‍ ഇതെല്ലാം തകര്‍ന്നു. കടല്‍ഭിത്തിയും കടന്ന് പലയിടത്തും കടല്‍ വെള്ളം ഇരച്ചുകയറുകയാണ്. കടല്‍വെള്ളം കയറി വീടിനുള്ളില്‍ ചെളിയും നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
കടല്‍ക്ഷോഭം മുന്നില്‍ക്കണ്ട് തീരദേശ ജനതയെ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുവാന്‍ അധികൃതര്‍ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നാട്ടുകാര്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: