സ്ത്രീക്ക് സ്വന്തം കുടുംബത്തില്‍ പോലും അര്‍ഹമായ സ്ഥാനം കൊടുക്കാന്‍ തയ്യാറാകാത്തവര്‍ ആനന്ദ്വാടി ഗ്രാമത്തിലെ പുരുഷന്മാരെ കണ്ടുതന്നെ പഠിക്കണം. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് ഈ ഗ്രാമം.
ആണ്‍കോയ്മ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, സ്ത്രീയെ ലക്ഷ്മിയായി കാണുകയാണ് ആനന്ദ് വാടി ഗ്രാമത്തിലെ ആണുങ്ങളെല്ലാം. പേരുപോലെ തന്നെ ആനന്ദം നിലനില്‍ക്കുന്നുണ്ട് ഈ ഗ്രാമത്തില്‍. ആദ്യകാഴ്ചയില്‍ അതിസാധാരണമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല.
എന്നാല്‍ ഈ ഗ്രാമത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ ഇവിടുത്തെ ഗ്രാമീണരെ മനസ്സുകൊണ്ടെങ്കിലും നമിക്കാതെ പോകില്ല ആരും. കഴിഞ്ഞ 15 വര്‍ഷമായി ഇവിടെനിന്നും ഒരു കുറ്റകൃത്യം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യവഹാര രഹിത ഗ്രാമം പദ്ധതിയും ഇവിടെ നടപ്പാക്കുന്നു.
ഇനി ആ ഗ്രാമീണര്‍ സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കുന്നതെന്ന് നോക്കാം. ഗ്രാമത്തിലെ എല്ലാ വീടുകളും സ്ത്രീയുടെ ഉടമസ്ഥാവകാശത്തിലാണ്. ചുരുക്കം പറഞ്ഞാല്‍ കുടുംബനാഥന്മാരല്ല, നാഥകളാണ് ഇവിടുള്ളതെന്നര്ത്ഥം. സ്ത്രീകളെ വീടിന് ഉടമകളാക്കുകയെന്ന തീരുമാനം ഗ്രാമസഭകൂടിയാണ് കൈക്കൊണ്ടത്. ഈ തീരുമാനത്തിന് പിന്നിലും ഒരു കാരണമുണ്ട്.
എല്ലാ വര്‍ഷവും ദീപാവലി നാളില്‍ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വീകരിക്കുക പതിവാണ്. ലക്ഷ്മി ദേവിക്ക് നല്കുന്ന ആദരം വീട്ടിലെ ലക്ഷ്മിക്കും-അത് മകളോ ഭാര്യയോ ആകാം- നല്കുകയെന്നതായിരുന്നു ആ തീരുമാനം.
ആരെയെങ്കിലും ആശ്രയിക്കുന്നവരാണ് അവരെന്ന തോന്നല്‍ ഉളവാക്കാതിരിക്കുകയെന്നതാണ് പ്രധാനം. പുരുഷനാവണം കുടുംബത്തിന്റെ അധിപന് എന്ന മാനസികാവസ്ഥയില്‍ നിന്ന് ജനങ്ങളെ സ്വതന്ത്രരാക്കാന്‍ ഈ തീരുമാനം തീര്‍ച്ചയായും സഹായിക്കും.
165 കുടുംബങ്ങളിലായി നാനൂറോളം പേരാണ് ആനന്ദ്വാടി ഗ്രാമത്തിലുള്ളത്. ഈ ഗ്രാമീണരെല്ലാം തന്നെ മരണാനന്തരം അവയവദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളവരാണ്. ശരീരം തന്നെ വൈദ്യശാസ്ത്രത്തിന് വേണ്ടി ദാനം ചെയ്തവരുമുണ്ട്.
ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഗ്രാമത്തിനുള്ളില്‍ പുകയില ഉത്പന്നങ്ങള്‍, മദ്യം എന്നിവയെല്ലാം നിരോധിച്ചുകൊണ്ടും മാതൃകയായിരിക്കുകയാണെന്ന് ഗ്രാമമുഖ്യ ഭാഗ്യശ്രീ ചാമെ പറയുന്നു.
കൂടാതെ വര്‍ഷത്തിലൊരു ദിനം സമൂഹ വിവാഹത്തിന് വേണ്ടി മാറ്റിവച്ചിരിക്കുന്നു. ഇതിന് വേണ്ടി ഗ്രാമത്തിലെല്ലാവരും അവരാലാകും വിധം ഈ സത്കര്‍മ്മത്തിന് വേണ്ടി സംഭാവനയും നല്കുന്നു.
ഈ വര്‍ഷം ഏപ്രില്‍ 29 നാണ് സമൂഹവിവാഹം നടത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉട്യോപ്യ എന്നത് ഒരു സങ്കല്പമല്ല എന്ന് ആനന്ദ്വാടിയെക്കുറിച്ചറിയുമ്പോള് തോന്നുക തികച്ചും സ്വാഭാവികം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: