ആലപ്പുഴ: നാളികേര കൃഷി സംരക്ഷണ പദ്ധതികള്‍ നിലച്ചു, കര്‍ഷകര്‍ പ്രതിസന്ധിയില്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതിവഴിയില്‍ മുടങ്ങി. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന് മുഖേന തുടങ്ങിയ നാളികേര വികസന സമിതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് കാലങ്ങളായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ നിലച്ച സമിതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇടതുസര്‍ക്കാരും തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തമുള്ള വികസന സമിതിയിലൂടെ നല്ലയിനം തെങ്ങിന് തൈകള്‍ കുറഞ്ഞ വിലയ്ക്കു കര്‍ഷകര്‍ക്കു നല്‍കുക, കര്‍ഷകരില്‍ നിന്ന് വിത്തു തേങ്ങ സംഭരിക്കുക തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. മഞ്ഞളിപ്പു രോഗം, മണ്ടചീയല്‍, പ്രകൃതിക്ഷോഭം എന്നിവ മൂലം നശിക്കുന്ന തെങ്ങ് കൃഷി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കേരസമിതി പ്രവര്‍ത്തകര്‍ കണ്ടെത്തി വെട്ടി മാറ്റിക്കുകയും അതിന് 250 രൂപയും പകരം തെങ്ങിന് തൈ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് ഏതൊക്കെ പദ്ധതികളുണ്ടെന്നു കൃഷി ഉദ്യോഗസ്ഥര്‍ക്കു പോലും അറിയില്ല. ഓരോ കൃഷിഭവനിലും നാളികേര കര്‍ഷകരായ യുവാക്കള്‍ക്ക് പരിശീലനം നല്കി ചെറുകിട സംരംഭം ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രാവര്‍ത്തികമായില്ല. നാളികേര ഉല്പന്നങ്ങള് നിര്‍മിച്ചു നല്കാന് യന്ത്രങ്ങള്‍ വാങ്ങുന്നതിനും സ്ഥാപനം തുടങ്ങുന്നതിനും വായ്പയും വാഗ്ദാനം ചെയ്തിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ തെങ്ങു വളമായി മഗ്നീഷ്യം റോക്ഫോസ്ഫേറ്റ്, യൂറിയ തുടങ്ങിയവ നിശ്ചിത അളവില്‍ കുറഞ്ഞ വിലയ്ക്കു നല്‍കിയിരുന്നു.
ചെല്ലി, എലി എന്നിവയെ നിയന്ത്രിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കുന്ന പദ്ധതിയും ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് അന്‍പതു ശതമാനം സബ്സിഡി നിരക്കില്‍ പമ്പ് സെറ്റ് നല്കുന്ന പദ്ധതി കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്നു. 50 ശതമാനം അല്ലെങ്കില്‍ 3,000 രൂപ എന്നതായിരുന്നു ആനുകൂല്യത്തിന്റെ കണക്ക്. മണ്ഡരി രോഗം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കീടനാശിനി പൂര്‍ണമായും സബ്സിഡി നിരക്കില്‍ തളിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനം നടത്തിയില്ല. ഇന്ന് ഒട്ടുമിക്ക തെങ്ങും മണ്ഡരി രോഗത്തിന്റെ പിടിയിലാണ്.
കുട്ടനാട് പാക്കേജില്‍ പെടുത്തി നിരവധി പ്രവര്‍ത്തനങ്ങള്‍ നാളികേര കര്‍ഷകര്‍ക്കായി സ്വാമിനാഥന് കമ്മിഷന് ആസൂത്രണം ചെയ്തിരുന്നു, അതും യാഥാര്‍ത്ഥ്യമായില്ല. നീര വ്യാപകമാക്കുന്നതോടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാളികേര കര്‍ഷകര്‍, എന്നാല്‍ ഇന്ന് നീര കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. നീര ഉത്പന്നങ്ങള്‍ക്ക് വേണ്ടത്ര വിപണി കണ്ടെത്താന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: