ന്യൂദല്‍ഹി: മരുന്നുകള്‍ സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ ലഭിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഡോക്ടര്‍മാരുടെ കുറിപ്പില്‍ മരുന്നുകളുടെ ശാസ്ത്രീയ നാമം എഴുതണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിങ്കളാഴ്ചത്തെ വാക്കുകളോടെ നടപടികള്‍ക്കു വേഗം കൂടി. ഡഗ്ര്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പരിഷ്കരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിച്ചതിനു തുടര്‍ച്ചയാണ് നടപടികള്‍.
കമ്പനികള്‍ക്ക് വിരോധം തോന്നിയാലും രാജ്യത്തെ സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ മരുന്നു നല്‍കാനുള്ള തീരുമാനത്തിന് മാറ്റമില്ലെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത്. ഇത് മരുന്നു കമ്പനികളെ ആശങ്കയിലാഴ്ത്തി. കമ്പനി പേരുകള്‍ എഴുതിയില്ലെങ്കില്‍ വ്യാപാരത്തെ ബാധിക്കുമെന്നാണ് ഇവരുടെ പേടി. 80 ശതമാനമാണ് രാജ്യത്തെ സാധാരണ മരുന്നുകളുടെ വിപണി. 20 ശതമാനം ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടേത്. പുതിയ നിയമം വരുന്നതോടെ മൂന്നു വര്‍ഷം കൊണ്ട് ബ്രാന്‍ഡഡ് വിപണി പത്ത് ശതമാനമായി ചുരുങ്ങും.
ജന്‍ഔഷധി സ്റ്റോറുകള്‍ രാജ്യം മുഴുവന്‍ ആരംഭിച്ചതോടെ നടപടി സാധാരണക്കാര്‍ക്ക് നേട്ടം. എന്നാല്‍, ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നു. ഗുണമേന്മയില് നിന്ന് വിലയിലേക്ക് വിപണിയുടെ നോട്ടം മാറുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ചേരുവകള്‍ ചേര്‍ന്ന മരുന്നുകള്‍ കുറിക്കുമ്പോള്‍ ഡോക്ടര്‍മാരെയും ബാധിക്കുമെന്നും ഇവര്‍ പറയുന്നു.
ഫാര്മസിസ്റ്റുകളാകും ഏത് കമ്പനിയുടെ മരുന്നു നല്‍കണമെന്ന് തീരുമാനിക്കുകയെന്നും അതു വലിയൊരു പ്രതിസന്ധിക്കു കാരണമാകുമെന്നുമാണ് ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് വീരമണിയുടെ അഭിപ്രായം. നടപടി സ്വാഗതാര്‍ഹമെങ്കിലും ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: