കൊച്ചി: വ്യാജച്ചരക്ക് നീക്കം തടയാന്‍ കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് തുറമുഖ കേന്ദ്രങ്ങളില്‍ ആധുനിക ഡ്രൈവ് ത്രൂ കണ്ടെയ്നര്‍ സ്കാനറുകളെത്തുന്നു. കൊച്ചി വല്ലാര്‍പാടം ടെര്‍മിനല്‍, ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ട്, മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലാണ് സ്കാനറുകള്‍ സ്ഥാപിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ സ്കാനറുകള്‍ നിലവിലുണ്ടെങ്കിലും കണ്ടെയ്നര്‍ വണ്ടി കടത്തി വിട്ട് കൊണ്ടുള്ള അത്യാധുനിക രീതിയിലെ പരിശോധന ഇതാദ്യമാണ്.
ഒരു മണിക്കൂറില്‍ 100 കണ്ടെയ്നറുകള്‍ പരിശോധിക്കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. രാജ്യത്ത് മറ്റൊരു തുറമുഖത്തും ഇത്തരത്തിലുള്ള സംവിധാനമില്ല. സ്കാനിങ് നടക്കുമ്പോള്‍ തന്നെ അതിന്റെ റിപ്പോര്‍ട്ട് കസ്റ്റംസ് ക്ലിയറിങ് വിഭാഗത്തിന് കമ്പ്യൂട്ടര്‍ ശൃംഖല വഴി ലഭിക്കും. മേല്‍നോട്ടത്തിനായി ആറ് ജീവനക്കാരെയാണ് നിയോഗിക്കുന്നത്.
ബ്രിട്ടീഷ് കമ്പനിയായ റാപിസ്കാനാണ് സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇവ സ്ഥാപിക്കുന്നത്. ഒരു ഡ്രൈവ് ത്രൂ കണ്ടെയ്നര്‍ സ്കാനര്‍ സ്ഥാപിക്കാന്‍ ഏകദേശം 50 കോടി രൂപയാണ് ചെലവ്. വല്ലാര്‍പാടത്ത് സ്കാനര്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞാഴ്ച നടത്തിയിരുന്നു. അടുത്ത ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിലവില്‍ ഇറക്കുമതി മാത്രമാണ് സ്കാന്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ കയറ്റിറക്ക് പൂര്‍ണമായും സ്കാനര്‍ പരിധിയിലാകും. നിലവില്‍ റിസ്ക് മാനേജ്മെന്റ് സിസ്റ്റം വഴി കമ്പ്യൂട്ടര്‍ നിര്‍ദേശിക്കുന്ന കണ്ടെയ്നറുകള്‍ മാത്രമാണ് പരിശോധിക്കപ്പെടുന്നത്. കണ്ടെയ്നര്‍ തുറന്ന് പരിശോധിക്കുന്നതിലെ അപാകതകള്‍ക്കും പുതിയ സംവിധാനം പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: