തിരുവനന്തപുരം: കേരള ഗ്രാമീണ്‍ ബാങ്ക് വായ്പയായി വിതരണം ചെയ്യുന്ന 16,000 കോടി രൂപയില്‍ 10,000 കോടി കാര്‍ഷികമേഖലയില്‍ നല്‍കുമെന്ന് ഈ സാമ്പത്തിക വര്‍ഷത്തെ പുതിയ പദ്ധതികളുടെ പ്രഖ്യാപന യോഗത്തില്‍ ചെയര്മാന് ഷാജി കെ.വി, നിയുക്ത ചെയര്മാന് രവി കൃഷ്ണ എം.കെ എന്നിവര്‍ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ബിസിനസ്സ് 28,000 കോടി കവിഞ്ഞു. ഈവര്‍ഷം ശാഖയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. നടപ്പുസാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ്കാര്‍ഡ് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം 20 പുതിയശാഖകള്‍ കൂടി ആരംഭിക്കുന്നതോടെ ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 635 ആയി ഉയരും.
മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കും. ബാങ്കിന്റെ മൊത്തം ബിസിനസ്സ് 38,000 കോടിരൂപയും നിക്ഷേപവും വായ്പയും 19,000 കോടിരൂപ വീതവുംഉയര്ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 2100 കോടിയുടെ മുദ്രാ ലോണുകള്‍ നല്‍കിയിട്ടുണ്ട്. നബാര്‍ഡ് ഡിജിഎം നാകേഷ് കുമാര്‍, കാനറാ ബാങ്ക് എജിഎംമാരായ കെ.ആര്. ബദരിനാഥ്, വി.കെ. ശ്രീകാന്ത്, ആര്‍ബിഐ എജിഎം വി. പഹല എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: