മണ്ണാര്‍ക്കാട്: ആദിവാസി കോളനിയില്‍ കുടിവെളളവും അടിസ്ഥാന സൗകര്യവുമില്ലാതെ വീര്‍പ്പുമുട്ടുന്നു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കാപ്പുപറമ്പിലെ ചൂരിയോട് ആദിവാസി കോളനിവാസികളാണ് കുടിവെളളത്തിനായി ദുരിതമനുഭവിക്കുന്നത്. 15 വീടുകളിലായി വൃദ്ധരും, സ്ത്രീകളും കുട്ടികളുമടക്കം 60ല്‍ പരം ആളുകളാണ് താമസിച്ചുവരുന്നത്.
കാലങ്ങളായി പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. ഇതാവട്ടെ കോളനിയില്‍ നിന്നും അരകിലോമീറ്ററോളം ദൂരത്തിലുമാണ്. വൃദ്ധരായ സ്ത്രീകള്‍ വളരെ പ്രയാസപ്പെട്ടാണ് കുടിവെളളം തലയിലേറ്റി കൊണ്ടുവരുന്നത്.
സര്‍ക്കാറിന്റെ വിവിധ ഫണ്ടുപയോഗിച്ച് കോളനിയില്‍ രണ്ട് കിണറുകള്‍ കുഴിച്ചെങ്കിലും വെളളം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആദിവാസി ക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി കുടിവെളളത്തിനായി നീക്കിവെച്ച തുക വിനിയോഗിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കോളനിയില്‍ കുടിവെളള പദ്ധതിക്ക് വേണ്ടി 9.2 ലക്ഷത്തിന്റെ പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ നടത്തിയെങ്കിലും പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് പദ്ധതി മുടങ്ങുകയായിരുന്നു.
കോളനിയില്‍ സ്ഥാപിച്ച റവന്യു വകുപ്പിന്റെ കുടിവെളള കിയോസ്കില്‍ കഴിഞ്ഞ രണ്ടുദിവസമായി വെളളം ലഭിക്കുന്നത് കോളനിക്കാര്‍ക്ക് അല്പം ആശ്വാസമായിട്ടുണ്ട്. എന്നാല്‍ ഈ വെളളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കഴിയാത്ത വെളളമാണെന്നാണ് കോളനിക്കാര്‍ പറയുന്നത്.
ആദിവാസി കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ കഴിഞ്ഞ 32 വര്‍ഷമായി ഇവിടെയാണ് താമസം.പല പദ്ധതികള്‍ പ്രകാരം കോളനിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും പലതും ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. മഴപെയ്താല്‍ വീടിനകത്തേക്ക് വെളളം ഒലിച്ചിറങ്ങുന്ന സ്ഥിതിയുമുണ്ട്. മിക്ക വീടുകളിലുംശൗചാലയ സൗകര്യങ്ങളില്ല.
ആദിവാസി ക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി (പിവിടിജി) കോളനിയില്‍ നടപ്പാക്കാന്‍ ഉദ്ദ്യേശിച്ചിരുന്ന നിര്‍ദ്ദിഷ്ഠ കുടിവെളള പദ്ധതിക്ക് സര്‍വ്വെ നടപടികള്‍ക്കും മറ്റുമായി പാലക്കാട് വാട്ടര്‍ അതോറിറ്റിയില്‍ ചില യുവാക്കളാണ് തുക അടച്ചത്.
ഇതുപ്രകാരം പദ്ധതിക്കാവശ്യമായ കിണര്‍ നിര്‍മ്മിക്കുന്നതിനുളള സ്ഥലം കണ്ടെത്തുകയും റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോളനിക്കാര്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം പദ്ധതിയുടെ ഫണ്ട് വകമാറ്റിയെന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഓഫീസിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ഊരുമൂപ്പന് കുറുമ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: