കോട്ടായി : വരള്‍ച്ചയുടെ മറവില്‍ കൃഷി ആവശ്യത്തിനു നല്കിയ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നതില്‍ കര്‍ഷകര്‍ ആശങ്കയില്‍.കര്‍ഷകരുടെ രക്ഷകരാകേണ്ട കൃഷിവകുപ്പ് കര്‍ഷകരുടെ അന്തകരായി മാറുന്ന സ്ഥിതി ഉള്‍കൊള്ളാനാവില്ലെന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു.
ഉയര്‍ന്ന അധികാരികളില്‍ നിന്നും കര്‍ഷകര്‍ക്കെതിരെ നടപടി ഉണ്ടാകുമ്പോള്‍ കര്‍ഷകരുടെ പ്രതിനിധിയായി ഉന്നതാധികാര യോഗങ്ങളില്‍ ശബ്ദമുയര്ത്തേണ്ടവരാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ അത്തരം അവസരങ്ങളില്‍ കര്‍ഷകരെ തള്ളിപറയുന്ന സ്ഥിതിയുണ്ടായാല്‍ അത് വകുപ്പിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യലാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
കുടിവെള്ളം ഉറപ്പാക്കാനും ഭൂഗര്‍ഭജലം നിലനിര്‍ത്താനുമാണ് സൗജന്യ വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നതെങ്കില് പറമ്പുകളിലെ നനനിരോധിക്കണം. അതുവഴി കര്‍ഷകര്‍ക്ക് ഹ്രസ്വകാലത്തിനിടയ്ക്കും ദീര്ഘകാലത്തിനുമിടക്കുമുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനാണ് നടപടി ഉണ്ടാകേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു. അതല്ലാതെ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ ഇല്ലാതാക്കി ഉയര്‍ന്ന വൈദ്യുതിനിരക്കില്‍ വെള്ളം പമ്പ് ചെയ്ത് എത്രവേണമെങ്കിലും നന നടത്താമെന്ന അധികാരികളുടെ തീരുമാനത്തിനു പിന്നില്‍ കുടിവെള്ളം ഉറപ്പാക്കലല്ലെന്നും വിളനശിച്ച കര്‍ഷകരെ വീണ്ടും പിഴിഞ്ഞ് പണമുണ്ടാക്കലാണെന്നും വിലയിരുത്തുന്നു.
സൗജന്യ കണക്ഷന് ഇല്ലാതാക്കുന്നതുവഴി മൂന്നുമാസത്തെ വേനലിനുള്ളില് വൈദ്യുതിവകുപ്പിനും ഭീമമായ തുക കര്‍ഷകരില്‍ നിന്നും വസൂലാക്കാനാകും. കടം വാങ്ങിയും ആഭരണങ്ങള്‍ പണയപ്പെടുത്തിയും ഉയര്‍ന്ന വൈദ്യുതി ബില്‍ കെട്ടി കര്‍ഷകര്‍ കൃഷി നനക്കേണ്ട അവസ്ഥയാണ്.ഒരു കൃഷി ഭവനുകീഴില് തന്നെ 400 മുതല്‍ ആയിരം വരെ സൗജന്യ വൈദ്യുതി കണക്ഷനുകളുണ്ട്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നഏക ആനുകൂല്യമാണ് തട്ടിത്തെറിപ്പിക്കുന്നത്. വരള്‍ച്ചയുടെ മറവിലാണ് സൗജന്യ കണക്ഷന് ഇല്ലാതാക്കുന്നതെങ്കിലം 31 ന് ശേഷം കണക്ഷനുകളെല്ലാം പുനഃസ്ഥാപിക്കുമോ എന്ന് കണ്ടറിയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: