ആലപ്പുഴ: പദ്ധതികള്‍ നിരവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കുട്ടനാട്ടില്‍ തരിശുപാടങ്ങള്‍ വര്‍ദ്ധിക്കുന്നു. തരിശിടുന്ന പാടശേഖരങ്ങള്‍ നികന്നു മാറുന്നതല്ലാതെ കൃഷിയോഗ്യമാക്കുന്നില്ല. കുട്ടനാട്ടില്‍ മൂന്നു പതിറ്റാണ്ടിനു മുമ്പു 50,000 ഹെക്ടറിനു മുകളില്‍ കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ കൃഷി നടക്കുന്നത് 36,000 ഹെക്ടറില്‍ താഴെ മാത്രം. ഭൂരിഭാഗവും തരിശുനിലങ്ങളായി .
25 വര്‍ഷത്തിനിടെ തരിശുനിലമായതും നികന്നുമാറിയതും നൂറുകണക്കിനു ഹെക്ടര്‍ പാടങ്ങളാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന വിശാല കുട്ടനാട്ടിലെ കര്‍ഷകരും കൃഷിയില്‍നിന്ന് പിന്മാറുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടനാട് പാക്കേജും പാഴായതോടെ കുട്ടനാടിന്റെ പുനരുജ്ജീവനമെന്ന സ്വപ്നം അസ്ഥാനത്തായി.
സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്ന കുട്ടനാട്ടില്‍ കാല്‍നൂറ്റാണ്ടുകള്‍ക്കു മുമ്പ് പുഞ്ചക്കൃഷിയും രണ്ടാംകൃഷിയും സജീവമായിരുന്നെങ്കില്‍ കൃഷിയിടത്തിന്റെ വ്യാപ്തി കുത്തനെ കുറഞ്ഞു. വീയപുരം, ചെറുതന, തലവടി, തകഴി, നിരണം, മുട്ടാര്‍, വെളിയനാട്, എടത്വ ഉള്‍പ്പെട നിരവധി കൃഷിഭവന് പരിധികളിലാണ് കൃഷിയില്‍ വന്‍തോതിലുള്ള കുറവ് അനുഭവപ്പെടുന്നത്.
തരിശുകിടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷി വകുപ്പിന്റെ ലിസ്റ്റില്‍ പോലും ഇല്ലാതായ പാടശേഖരങ്ങള്‍ നിരവധിയാണ്. എടത്വ പടിഞ്ഞാറെ മണ്ണുണ്ണി, തലവടി ചാന്തുവിരുത്തി, കാവാലം മടത്താലാട്ട് ചെമ്പ് 20, മടത്തിലാക്ക 40, മുരിക്കന്‍ അറുപത്, തകഴി കല്ലേപ്പുറം തുടങ്ങി നിരവധി പാടങ്ങളാണു പാടശേഖര ലിസ്റ്റില്‍ പോലും ഇല്ലാതായത്. കുട്ടനാട്ടിലുടനീളം കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ക്കു പുറമെ കൃഷിയിറക്കിയ പാടങ്ങളില്‍ തന്നെ നൂറുകണക്കിന് ഏക്കര്‍ കൃഷിചെയ്യാതെ കിടക്കുന്നുമുണ്ട്.
തരിശുനിലം കൃഷിയോഗ്യമാക്കുന്ന പദ്ധിയില്പ്പെടുത്തി ഒരു വര്‍ഷം കൃഷി ചെയ്ത ശേഷം വീണ്ടും തരിശായി ഇടുന്നതും പതിവായിരിക്കുകയാണ്. ഭൂമാഫിയകള്‍ റോഡരികിലുള്ള നിലങ്ങള്‍ നികത്തുന്നതിനായി വാങ്ങിക്കൂട്ടി തരിശിടുന്നതും പതിവാണ്. എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ പാടം കൃഷിയോഗ്യമാക്കുകയോ ചെയ്യുന്നില്ല. പുഞ്ച സ്പെഷല്‍ ഓഫിസില്‍ പോലും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് എടുത്ത വിസ്തീര്‍ണം മാത്രമാണ് ഉളളത്.
കാല് നൂറ്റാണ്ടോളമായി തരിശു കിടന്ന റാണി, ചിത്തിര കായലുകളില്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ഈ കാലയളവിലെ ഏക പുരോഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: