ന്യൂദല്‍ഹി : പ്രമുഖ ഐടി കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. 10 മുതല്‍ 20 വര്‍ഷം വരെ പരിചയ സമ്പത്തുള്ളവരോട് സ്വമേധയാ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈവര്‍ഷം തന്നെ താഴേക്കിടയിലുള്ള ജീവനക്കാരേയും പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഐടി മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വിജയം നേടാന്‍ കമ്പനികള്‍ക്കായില്ല. ഇതാണ് കാരണം.
കൊഗ്നൈസന്റ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം 1000ഓളം മുതിര്‍ന്ന ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഒമ്പതുമാസത്തെ ശമ്പളം മുന്‍കൂറായി കൈപ്പറ്റിയശേഷം പിരിഞ്ഞുപോകാനാണ് നിര്‍ദ്ദേശം. അസോസിയേറ്റ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി മുതിര്‍ന്ന ആളുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ 10 ജീവനക്കാര്‍ ഐടി ജീവനക്കാരുടെ ഫോറത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്‍ഫോസിസ് 1000 ജീവനക്കാരോട് അവധിയില്‍ പ്രവശിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രൊജക്ട് മാനേജേഴ്സ്, മുതിര്‍ന്ന ആര്കിടെക്ടുമാര്, തുടങ്ങിയ പദവികളില്‍ ഇരിക്കുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം മാനേജര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം ഇവര്‍ക്കെതിരെയുള്ള നടപടി സ്വീകരിക്കുന്നതാണ്.
വരുമാനത്തില്‍ വര്‍ധനവുണ്ടായില്ലെങ്കില്‍ ജീവനക്കാരില്‍ 10 ശതമാനം ആളുകളേയും ഈ വര്‍ഷം പിരിച്ചുവിടുമെന്ന് വിപ്രോ സിഇഒ അബിദ് അലി നീമുച്വാല അടുത്തിടെ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിനിടെ അറിയിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.81 ലക്ഷം ജീവനക്കാരാണ് വിപ്രോയില്‍ ഉണ്ടായിരുന്നത്. ഫ്രഞ്ച് ഐടി കമ്പനിയായ കാപ്ജെമിനിയും ജീവനക്കാരില്‍ അഞ്ച് ശതമാനം കുറച്ച് 9000 ജീവനക്കരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതുകൂടാതെ 35 വൈസ് പ്രസിഡന്റ്, മുതിര്‍ന്ന വൈസ് പ്രസിഡന്റ്, മുതിര്‍ന്ന ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പടെ 200 ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെയെല്ലാം നിരിക്ഷിച്ചു വരികയാണ്. മോശം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ഇതുകൂടാതെ ഐടിമേഖലയ്ക്ക് സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചത്ര നേട്ടം കൈവരിക്കാനായിട്ടില്ലെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ഇന്‍ഫോസിസിന്റെ പാത പിന്തുടര്ന്ന് കൊഗ്നൈസെന്റും യുഎസ് ശാഖയിലേക്ക് അമേരിക്കന്‍ പൗരന്മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ട്രംപ് ഭരണകൂടം കൊണ്ടുവന്ന എച്ച്1 ബി വിസ നിയമങ്ങള്‍ കര്ശ്ശനമാക്കിയതിനെ തുടര്‍ന്നാണ് ഈ നീക്കം. അതേസമയം കമ്പനിക്ക് നിലവിലെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉദ്ദേശ്യമില്ല. യുഎസിലെ വ്യവസായം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.അതിനാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. വിസാ നിയമങ്ങള്‍ മൂലം യുഎസില്‍ നിന്നുള്ളവരെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: