സിനിമാജ്വരം പിടിപെട്ടാല്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ചാര്‍ളി സിനിമയിലെ ടെസയെപ്പോലെ രണ്ടു കൗമാരക്കാരികള്‍ വീടുവിട്ടിറങ്ങിയതും ആലുവായില്വെച്ച് പോലീസില്‍ പിടിക്കപ്പെട്ട് രക്ഷിതാക്കള്‍ക്കു കൈമാറിയതും വന്‍ വാര്‍ത്തയായിരിക്കുകയാണ്. ഇന്നത്തെക്കാലത്ത് ഒരുപോറലുമേല്‍ക്കാതെ കുട്ടികള്‍ വീടണഞ്ഞത് ഭാഗ്യം. പോലീസിന്റെ കൈയിലകപ്പെട്ടതാണ് രക്ഷയായത്.
തമിഴനെക്കാളും സിനിമാഭ്രാന്താണ് മലയാളിക്ക്. ജീവിതം തന്നെ സിനിമയാണെന്നു വിശ്വസിക്കുന്ന വലിയൊരു ഭൂരിപക്ഷമുണ്ട് നമ്മുടെ ന്യൂജനറേഷനില്‍. സിനിമാക്കാരെപ്പോലെ തന്നെയാണ് പലരുടേയും മട്ടും ഭാവവും നടപ്പും സംസാരവും വസ്ത്രധാരണവുംപോലും. സിനിമപോലൊരു ജീവിതം. ചിലര്‍ ജീവിക്കുന്നതു സിനിമയിലൊന്നു മുഖം കാണിക്കാനാണെന്നു തോന്നിപ്പോകും. അതിനായി എന്തു സാഹസികതയ്ക്കും അവര്‍ തയ്യാറാണുപോലും.
ഐടിഐ വിദ്യാര്‍ഥിനികളായ രണ്ടുപേരാണ് ചാര്‍ളിയിലെ ടെസയെ അനുകരിച്ചു നാടുവിട്ടത്. ഒരാള്‍ എറണാകുളം പച്ചാളം സ്വദേശിയും മറ്റെയാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിയുമാണ്. പഠിക്കാനെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൂന്നാര്‍ ചുറ്റിവന്ന് ആലുവയിലെത്തിയപ്പോള്‍ കുട്ടികള്‍ പോലീസ് പിടിയിലായത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു കൂട്ടുകാരികള്‍ ഇത്തരമൊരു നാടുവിടല്‍ നടത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ നിന്നുള്ള പ്രീഡിഗ്രിക്കാരായ വിദ്യാര്‍ഥിനികളാണ് ഫാസില്‍ സംവിധാനം ചെയ്ത അന്നത്തെ ഹിറ്റു ചിത്രമായ എന്റെ സൂര്യപുത്രിക്ക് എന്നതിലെ നായികയെ അനുകരിച്ച് വീടുവിട്ടു കറങ്ങിയത്. ഗോവയിലും മറ്റും ചുറ്റിത്തിരിഞ്ഞ ഇവര്‍ ദിവസങ്ങള്‍ക്കുശേഷം സ്വദേശങ്ങളില്‍ തിരിച്ചെത്തി. കെട്ടുപാടുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്ന ചെറുപ്പത്തിന്റെ പ്രതീകമായിരുന്നു ഇതിലെ നായിക.
ഫാസിലിന്റെ തന്നെയായിരുന്നു തിരക്കഥ. സുരേഷ് ഗോപി നായകനായ ഈ ചിത്രത്തില്‍ വല്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്ന സൂര്യപുത്രിയായി അമലയാണ് അഭിനയിച്ചത്. ശ്രീവിദ്യ ഉള്‍പ്പടെ വലിയൊരു താര നിരതന്നെ ഉണ്ടായിരുന്നു. 1991ലായിരുന്നു ഇതിന്റെ റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: